
ഹൂസ്റ്റണ്‍: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് അമേരിക്കയിലെ ഹൂസ്റ്റണില്‍ അമേരിക്കന്‍ ഹിന്ദുക്കള്‍ വലിയ കാര്‍ റാലി നടത്തി.
കാര്‍ റാലിയില്‍ നിരവധി അമേരിക്കന്‍ ഹിന്ദുക്കള്‍ പങ്കെടുത്തു. അവര്‍ ഹൂസ്റ്റണിലെ 11 ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ജയ് ശ്രീറാം, രാം ഭജന്‍ എന്നിവ ആലപിച്ചു. ജനുവരി 22 ന് നടക്കുന്ന ശ്രീരാമ പ്രതിഷ്ഠയോട് അനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയെയും ക്ഷണിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
കാറില്‍ രാമക്ഷേത്രത്തിന്റെയും ഇന്ത്യന്‍, അമേരിക്കന്‍ പതാകകളിലെ ചിഹ്നങ്ങളും പതിപ്പിച്ച ചിത്രമുള്ള കാവി പതാകയും സ്ഥാപിച്ചുകൊണ്ടായിരുന്നു റാലി നടത്തിയത്. റാലിയില്‍ 216 വാഹനങ്ങള്‍ പങ്കെടുത്തു. ഏകദേശം അഞ്ച് കിലോമീറ്റര്‍ നീളമുള്ള വാഹനവ്യൂഹമായിരുന്നു റാലിയില്‍ കാണാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. എട്ട് ബൈക്കുകളിലായി എത്തിയ പൊലീസുകാരുടെ സുരക്ഷയിലായിരുന്നു റാലി.
ഹൂസ്റ്റണിലെ മീനാക്ഷി ക്ഷേത്രത്തില്‍ നിന്നാണ് റാലി ആരംഭിച്ചത്. റാലി ശരദ് അംബ ക്ഷേത്രത്തില്‍ സമാപിച്ചു. ആറ് മണിക്കൂറോളം സമയമെടുത്താണ് റാലി പൂര്‍ത്തിയായത്. ഏകദേശം 160 കിലോമീറ്റര്‍ ദൂരം റാലി സഞ്ചരിക്കുകയും ചെയ്തു.