ബാൾട്ടിമോർ അപകടം: ഭീകരാക്രമണ സാധ്യത തള്ളി അമേരിക്കൻ പൊലീസ്, ‘ഒരു സൂചനയുമില്ല’

ന്യൂയോർക്ക്: ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ ഭീകരാക്രമണ സാധ്യത തള്ളി അമേരിക്കൻ പൊലീസ്. പാലം തകർന്നത് തീവ്രവാദ ആക്രമണമാണെന്ന ഒരു സൂചനയില്ലെന്നാണ് ബാൾട്ടിമോർ പൊലീസ് കമ്മീഷണർ റിച്ചാർഡ് വോർലി വ്യക്തമാക്കിയത്. ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകർന്നതിന് പിന്നിൽ ‘ഒരു അപകടത്തിൽ കവിഞ്ഞ മറ്റെന്തെങ്കിലും സാധ്യതയുണ്ടോ’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഭീകരാക്രമണത്തിന്‍റെ ഒരു സൂചനയും നിലവിലില്ലെന്ന് ബാൾട്ടിമോർ പൊലീസ് കമ്മീഷണർ പറഞ്ഞത്. തീവ്രവാദം പ്രവ‍ർത്തനം ഇതിന് പിന്നിൽ ഉണ്ടെന്നോ, ഇത് മനഃപൂർവം ചെയ്തതാണെന്നോ ഒരു സൂചനയും ഇല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എഫ് ബി ഐയും മറ്റ് സ്റ്റേറ്റ് ഏജൻസികളുമടക്കം അത്തരമൊരു സാധ്യത ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും വോർലി വിവരിച്ചു.

അതേസമയം ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ പെറ്റാസ്കോ നദിയിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രണ്ടു പേരെ മാത്രമേ ഇതുവരെ കണ്ടെത്താനായുള്ളു. അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും പത്രസമ്മേളനത്തിനിടെ പൊലീസ് മേധാവി അറിയിച്ചു. ഒരാളെ മേരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്ററിലെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കടുത്ത തണുപ്പായതും വേലിയേറ്റമായതിനാൽ നദി പ്രക്ഷുബ്ദമായതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

അതേസമയം അപകടം നടക്കുമ്പോൾ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന ജോലിക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ആദ്യഘട്ടത്തിൽ 20 പേർ നദിയിൽ വീണു എന്നായിരുന്നു റിപ്പോർട്ടുകളെങ്കിൽ, പിന്നീട് ഏഴ് പേരാണ് അപകടത്തിൽപ്പെട്ടതെന്ന സൂചനയാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴും എത്രപേർ അപകടത്തിൽ പെട്ടു എന്നു കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അപകടം രാത്രി ഒന്നരക്ക് ആയതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത്.

American police rejected the possibility of a terrorist attack Baltimore Bridge collapse accident Live updates