
വാഷിംഗ്ടണ്‍: വിരലില്‍ എണ്ണാവുന്ന ദിവസമേ ഇനി അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ബാക്കിയുള്ളൂ. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപും തമ്മില്‍ നേരിയ വ്യത്യാസം കാണിക്കുന്ന വോട്ടെടുപ്പ് സര്‍വ്വേ ഫലങ്ങളിലൂടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്.
41 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ നവംബര്‍ 5 ലെ തിരഞ്ഞെടുപ്പ് ദിനത്തിന് മുന്നോടിയായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള തിരഞ്ഞെടുപ്പിന് കളമൊരുക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും അമേരിക്കന്‍ ജനതയുടെ നെഞ്ചിടിപ്പ് ഏറുകയാണ്. അമേരിക്കന്‍ വോട്ടര്‍മാര്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠാകുലരാകാന്‍ ഒരു സുപ്രധാന കാരണമുണ്ട്. രാഷ്ട്രീയ അക്രമം, തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, ജനാധിപത്യത്തിനേല്‍ക്കുന്ന വലിയ പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം ചേരുന്ന ഒരു ആശങ്ക. അതിനു കാരണമാകുന്ന ചോദ്യം, ട്രംപ് വിജയിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നതാണ്.
അസോസിയേറ്റഡ് പ്രസ്-എന്‍ആര്‍സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ച് നടത്തിയ ഒരു സര്‍വ്വേ അനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 40% പേരും തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാനുള്ള അക്രമാസക്തമായ ശ്രമങ്ങളെക്കുറിച്ച് ‘അങ്ങേയറ്റം’ അല്ലെങ്കില്‍ ‘വളരെ’ ആശങ്കാകുലരാണ്. ഡോണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള തുടര്‍ച്ചയായ അവകാശവാദങ്ങളും ‘തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ എന്തെങ്കിലും കൃത്രിമം നടന്നാല്‍ മാത്രമേ തോല്‍ക്കാന്‍ കഴിയൂ’ എന്ന പ്രവചനവും ഈ ആശങ്കകള്‍ക്ക് കാരണമാണ്.
തോറ്റാലും തോല്‍വി സമ്മതിക്കില്ലെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ചുകൊണ്ടാണ് ഇക്കുറിയും ട്രംപ് മത്സരരംഗത്തുള്ളത്. താന്‍ തന്നെ അടുത്ത പ്രസിഡന്റ് എന്ന് ഉറക്കെപ്പറയുന്നതാണ് ട്രംപിന്റെ ഓരോ നീക്കവും. ട്രംപ് ആയാലും കമല ആയാലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിക്കണമെന്ന് രജിസ്റ്റര്‍ ചെയ്ത 90% വോട്ടര്‍മാരും പറയുന്നു. എന്നിരുന്നാലും, ട്രംപ് ഫലം അംഗീകരിച്ച് തോല്‍വി സമ്മതിക്കുമെന്ന് മൂന്നിലൊന്ന് വോട്ടര്‍മാര്‍ക്ക് മാത്രമേ പ്രതീക്ഷയുള്ളൂ. തോല്‍വി സമ്മതിക്കാത്ത ട്രംപില്‍ നിന്നും 2021 ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണെന്നും നിരവധി പേര്‍ വിശ്വസിക്കുന്നു.
തോല്‍വി സമ്മതിക്കാനുള്ള ട്രംപിന്റെ സന്നദ്ധത സംബന്ധിച്ച് ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍മാരുടെയും കാഴ്ചപ്പാടുകള്‍ വളരെ വ്യത്യസ്തമാണ്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ മൂന്നില്‍ രണ്ട് പേരും ട്രംപ് സമ്മതിക്കുമെന്ന് കരുതുന്നു, അതേസമയം 10 ഡെമോക്രാറ്റുകളില്‍ ഒരാള്‍ മാത്രമേ ട്രംപ് പരാജയം സമ്മതിക്കുമെന്ന് വിശ്വസിക്കുന്നുള്ളൂ. നേരെമറിച്ച്, ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുള്‍പ്പെടെ, കമലാ ഹാരിസ് ഫലം അംഗീകരിക്കുമെന്നും തോറ്റാല്‍ സമ്മതിക്കുമെന്നും വിശ്വസിക്കുന്നു.
തോല്‍വി സമ്മതിക്കാത്ത ട്രംപ് കാരണം ഉണ്ടായ 2021 ജനുവരി 6 ലെ യുഎസ് ക്യാപിറ്റോളിനു നേരെയുള്ള ആക്രമണമാണ് അമേരിക്കന്‍ ജനതയില്‍ ഈ തിരഞ്ഞെടുപ്പിനെ ഉത്കണഠയിലേക്ക് നയിക്കുന്നത്.