
വിപണിയിലെ ഇടിവ്, യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്ക് വഴിയൊരുക്കിയത് വെറും 10 ദിവസം മുമ്പാണ്. മൂന്ന് വർഷമായി ഒരുവിധത്തിൽ ഒഴിവാക്കി പൊയ്ക്കൊണ്ടിരുന്ന മാന്ദ്യം ഒടുവിൽ അടുത്തെത്തിയെന്ന് ബോധ്യപ്പെട്ട നിമിഷം. തൊഴിൽ വിപണിയെക്കുറിച്ചു പുറത്തുവന്ന ഒരു റിപ്പോർട്ടിനോടുള്ള അനാവശ്യമായ പ്രതികരണങ്ങളാണ് ഇത്തരം ആശങ്കകൾക്ക് വഴിവച്ചത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയുടെ വിശാലവും സങ്കീർണ്ണവുമായ സമ്പദ്‌വ്യവസ്ഥയുടെ സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്താൻ ശ്രമിക്കുമ്പോൾ ഒരൊറ്റ ഡാറ്റാ പോയിൻ്റിനെ മാത്രം ആശ്രയിക്കുന്നത് എത്ര വലിയ അബദ്ധമാണെന്ന് ബോധ്യപ്പെടുത്തുന്നതു കൂടിയായിരുന്നു ഈ സംഭവം.
സമ്പദ്‌വ്യവസ്ഥ വളരെ ദൃഢമായ നിലയിലാണ് എന്നതാണ് സത്യം. പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ധരൊന്നും ആസന്നമായ മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് പാർപ്പിടം എന്നത് താങ്ങാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. പണപ്പെരുപ്പം കുറയുമ്പോഴും വില കുറയുന്നില്ലെന്നതും ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി, സാമ്പത്തികാവസ്ഥയെ കുറിച്ച് എതു തരത്തിലുള്ള കാഴ്ചപ്പാട് ജനങ്ങളിലേക്ക് എത്തിച്ചാലാണ് അത് തങ്ങളുടെ അജണ്ടയ്ക്ക് അനുകൂലമാകുന്നത് എന്ന് കണക്കാക്കിയേ രാഷ്ട്രീയക്കാരും അഭിപ്രായപ്രകടനങ്ങൾ നടത്തൂ. ഇവിടെ മിക്കവരും അവലംബിക്കുന്ന ഒരു മാർഗ്ഗം വിലക്കയറ്റത്തെക്കുറിച്ച് നിരന്തരം സംസാരിക്കുക എന്നതാണ്.
അത് രാഷ്ട്രീയമാണ്. എന്നാൽ കുറച്ചുകൂടി വ്യക്തമായി ചിന്തിച്ചാൽ യുഎസിലെ സാമ്പത്തികാവസ്ഥയിൽ നിലവിൽ ആശങ്കകൾ വേണ്ടെന്നതാണ് സത്യം.
അടുത്തിടെ ചില വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും, പ്രസിഡൻ്റ് ജോ ബൈഡൻ അധികാരമേറ്റ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ തൊഴിൽ നില വളരെ മികച്ചതാണ്. 2020-ൽ തൊഴിലില്ലായ്മ കുതിച്ചുയരുകയും, 2021 ജനുവരിയിൽ അത് 6.3% ൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ തൊഴിലില്ലായ്മ നിരക്ക് വളരെ താഴ്ന്ന നിലയിലായിരുന്നു. ഇപ്പോൾ 4.3%, തൊഴിലില്ലായ്മ മാത്രമെ യുഎസിൽ ഉള്ളൂ.