മിലിട്ടറി യൂണിഫോമിൽ യുഎസ് പ്രസിഡന്റ്; ബൈഡന്റെ എഐ ചിത്രം വൈറൽ

വാഷിങ്ടൺ: യുഎസും മിഡിൽ ഈസ്റ്റും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ സൈനിക യൂണിഫോം ധരിച്ചുകൊണ്ടുള്ള പ്രസിഡൻ്റ് ജോ ബൈഡൻ്റെ എഐ ചിത്രങ്ങൾ ഓൺലൈനിൽ വൈറലാകുന്നു. ഞായറാഴ്ച ജോർദാനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ആക്രണത്തിന് പിന്നിൽ ഇറാൻ ഭീകരരാണെന്ന് ആരോപിച്ച ബൈഡൻ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

യുഎസ് യുദ്ധസന്നദ്ധരാണ് എന്ന് തെളിയിക്കാനുള്ള പ്രകടമായ ശ്രമമാണ് ഇപ്പോൾ വൈറലാകുന്ന എഐ ചിത്രം. ഒരു മേശക്കു ചുറ്റും മറ്റ് ഉപദേഷ്ടാക്കൾക്കൊപ്പം സൈനിക യൂണിഫോം ധരിച്ചിരിക്കുന്ന ബൈഡനെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

എക്‌സ് ഉപയോക്താവായ ലൂക്ക് പറയുന്നതനുസരിച്ച്, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോഗ്രാമായ മിഡ്‌ജേർണി ഉപയോഗിച്ചാണ് ഫോട്ടോകൾ സൃഷ്ടിച്ചത്.

അതേസമയം, ജോർദാനിൽ യുഎസ് സൈനിക കേന്ദ്രത്തിനെതിരെ നടന്ന ആക്രമണവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഇറാൻ പറഞ്ഞു.