
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യവും ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ്, സൈന്യം, കേന്ദ്ര സായുധ സേന എന്നിവര്‍ക്കിടയിലെ ഏകോപനവും വിലയിരുത്തി.
ഗവര്‍ണര്‍ മനോജ് സിന്‍ഹ, ചീഫ് സെക്രട്ടറി അടല്‍ ദള്ളു, ദേശീയ അന്വേഷണ ഏജന്‍സി ഡിജി ദിനകര്‍ ഗുപ്ത, കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെയും അതിര്‍ത്തി സുരക്ഷാ സേനയുടെയും ഡയറക്ടര്‍ ജനറല്‍മാര്‍, ജമ്മു കശ്മീരിലെ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക്ക, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.













