
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ എഡിറ്റ്‌ചെയ്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിക്ക് സമന്‍സ് അയച്ച് ഡല്‍ഹി പോലീസ്. രേവന്ത് റെഡ്ഡി ഉപയോഗിച്ച എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുമായി ചോദ്യം ചെയ്യുന്നതിനായി മെയ് 1 ന് എത്താനാണ് ഡല്‍ഹി പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
എഡിറ്റ് ചെയ്ത വീഡിയോകള്‍ പങ്കുവെച്ച ചില കോണ്‍ഗ്രസ് നേതാക്കളടക്കം അഞ്ച് പേരെ കൂടി ഡല്‍ഹി പോലീസ് വിളിപ്പിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ബിജെപിയുടെയും പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകളും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് സ്പെഷ്യല്‍ സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തെലങ്കാനയിലെ മുസ്ലീങ്ങള്‍ക്കുള്ള 4 ശതമാനം ഭരണഘടനാ വിരുദ്ധമായ സംവരണം നീക്കം ചെയ്യുന്നതിനെക്കുറിച്ച് അമിത് ഷാ ചര്‍ച്ച ചെയ്യുന്ന പഴയ വീഡിയോ, അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ സംവരണം അവസാനിപ്പിക്കണമെന്ന് പറഞ്ഞതായി തെറ്റായി ചിത്രീകരിക്കുന്ന രീതിയിലാണ് എഡിറ്റ് ചെയ്ത വീഡിയോ പ്രചരിക്കുന്നത്. ഈ വീഡിയോ തെലങ്കാനയിലെ ഔദ്യോഗിക കോണ്‍ഗ്രസ് എക്സില്‍ ഷെയര്‍ ചെയ്തതായും തുടര്‍ന്ന് നിരവധി പാര്‍ട്ടി നേതാക്കള്‍ അത് വീണ്ടും പോസ്റ്റ് ചെയ്തതായും പരാതിയില്‍ പറയുന്നു.