
ന്യൂഡല്‍ഹി: ഭരണഘടനയുടെ പിതാവ് ഡോ. ബി.ആര്‍ അംബേദ്കറെ കുറിച്ചുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം ബിജെപിയുടെ അതേ പഴയ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍.
ഡോ. അംബേദ്കര്‍ കാരണം ‘തങ്ങളുടെ പദ്ധതികള്‍ നിറവേറ്റാന്‍’ കഴിയാത്തതിനാല്‍ ബിജെപി നിലവില്‍ വരുന്നതിന് മുമ്പ്, അതിന്റെ മുന്‍ഗാമികളായ ജന്‍ സംഘും ആര്‍എസ്എസും ഭരണഘടന അംഗീകരിക്കുമ്പോള്‍ ബാബാസാഹെബിനെ എതിര്‍ത്തിരുന്നുവെന്നും വഞ്ചിത് ബഹുജന്‍ അഘാഡിയുടെ തലവനായ പ്രകാശ് അംബേദ്കര്‍ ചൂണ്ടിക്കാട്ടി. അമിത് ഷായുടെ പ്രസ്താവന ബി.ജെ.പിയുടെ അതേ പഴയ മാനസികാവസ്ഥയാണ് മുന്നില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
‘അമിത് ഷായുടെ പ്രസ്താവനയില്‍ പുതുമയില്ല. അവര്‍ക്ക് അവരുടെ പഴയ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് കാരണമല്ല, ബാബാസാഹെബ് അംബേദ്കറാണ് കാരണം, അവര്‍ തുടര്‍ന്നും പരിഹസിക്കും,’ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ബി ആര്‍ അംബേദ്കറെയല്ല, ദൈവത്തെയാണ് ബഹുമാനിക്കേണ്ടത് എന്നാണ് ഷായുടെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്, കാരണം ഭരണഘടനയുടെ പിതാവിനെ ബഹുമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുക എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















