
ന്യൂഡല്‍ഹി: ഈ വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയുടെ അടുത്തുകൂടി ഒരു ഛിന്ന ഗ്രഹം കടന്നുപോകും. 2024 ബിആര്‍4 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 140 മുതല്‍ 310 മീറ്റര്‍ വരെ വ്യാസമുണ്ട്. ഏകദേശം അംമ്പരചുംബിയായ ഒരു കെട്ടിടത്തിന് സമാനമായ ഛിന്നഗ്രഹം ഭൂമിയുടെ 4.6 ദശലക്ഷം കിലോമീറ്ററിനുള്ളില്‍ എത്തും. ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പന്ത്രണ്ട് മടങ്ങില്‍ താഴെയാണിത്.
ആഴ്ചകള്‍ക്ക് മുമ്പ് ജനുവരി 30-ന് കാറ്റലീന സ്‌കൈ സര്‍വേ കണ്ടെത്തിയ, അതിവേഗം സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം അപ്പോളോസ് എന്നറിയപ്പെടുന്ന ഛിന്നഗ്രഹങ്ങളുടെ ഗ്രൂപ്പില്‍ പെടുന്നു. അവയുടെ ഭ്രമണപഥം ഭൂമിക്കപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ട്.
ആഗോള വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ ഭാഗമായ സെലസ്‌ട്രോണ്‍ റോബോട്ടിക് യൂണിറ്റ് ഉപയോഗിച്ച് അടുത്തിടെ എടുത്ത 120 സെക്കന്‍ഡ് നീണ്ട എക്സ്പോഷര്‍ ചിത്രത്തില്‍ നിന്നാണ് 2024 ബിആര്‍4 നെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കിയത്. ചിത്രം എടുക്കുന്ന സമയത്ത്, 2024 ബിആര്‍4 ഭൂമിയില്‍ നിന്ന് ഏകദേശം 12 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരുന്നു.
ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുമ്പോള്‍ ഛിന്നഗ്രഹം അതിന്റെ ഏറ്റവും കുറഞ്ഞ ദൂരമായ 4.6 ദശലക്ഷം കിലോമീറ്ററിലേക്ക് എത്തുന്നുണ്ടെങ്കിലും പേടിക്കാനില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഭൂമിക്ക് സമീപമുള്ള 33,000 വസ്തുക്കളെ ജാഗ്രതയോടെ നിരീക്ഷിക്കുന്ന നാസ, 2024 ബിആര്‍4 ഭൂമിയില്‍ എന്തെങ്കിലും കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് വ്യക്തമാക്കിയത്.