
മുംബൈ: വാടക ഗര്‍ഭധാരണത്തിലൂടെ അണ്ഡദാനം ചെയ്യുന്നയാള്‍ക്ക് കുട്ടിയുടെ യഥാര്‍ത്ഥ അമ്മയാണെന്ന് കാട്ടി നിയമപരമായ അവകാശം നേടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. മാത്രമല്ല, മാതാവെന്ന തരത്തില്‍ കുട്ടിയുടെ മേല്‍ അവകാശം സ്ഥാപിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഞ്ചുവയസ്സുള്ള ഇരട്ട പെണ്‍കുട്ടികളുടെ അമ്മയായ നാല്‍പ്പത്തിരണ്ടുകാരിയുടെ ഹര്‍ജിയിലാണ് വിധി.
2012ല്‍ വിവാഹിതരായ ദമ്പതികള്‍ വന്ധ്യത നേരിട്ടതിനെത്തുടര്‍ന്ന് വാടക ഗര്‍ഭധാരണം തിരഞ്ഞെടുത്തു. യുവതിയുടെ ഇളയ സഹോദരി നല്‍കിയ അണ്ഡമാണ് ഇവര്‍ ഉപയോഗിച്ചത്.
2021 മാര്‍ച്ച് വരെ യുവതിയും ഭര്‍ത്താവും കുട്ടികളും ഒന്നിച്ചാണ് താമസിച്ചത്. എന്നാല്‍ അതിനിടെ അണ്ഡദാതാവായ അനുജത്തിയുടെ ഭര്‍ത്താവും കുട്ടിയും അപകടത്തില്‍ മരിച്ചു. അതോടെ, ഭര്‍ത്താവ് കുട്ടികളുമായി അനുജത്തിയ്‌ക്കൊപ്പം മറ്റൊരു ഫ്‌ലാറ്റിലേക്ക് താമസം മാറിയെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. അണ്ഡം നല്‍കിയതിനാല്‍ ജീവശാസ്ത്രപരമായി കുട്ടികളുടെ അമ്മ ഭാര്യയുടെ അനുജത്തിയാണെന്ന് ഭര്‍ത്താവ് പറയുന്നു. ഇതിനെതിരെ കുട്ടികളെ സന്ദര്‍ശിക്കാനും പരിപാലിക്കാനുമുള്ള അവകാശം തനിക്ക് നല്‍കണമെന്ന് കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.
ഈ കേസിലാണ് കോടതിയുടെ നിര്‍ണായക വിധി എത്തിയത്. 2005-ലെ ഇന്ത്യയിലെ ART ക്ലിനിക്കുകളുടെ അക്രഡിറ്റേഷന്‍, മേല്‍നോട്ടം, നിയന്ത്രണം എന്നിവയ്ക്കുള്ള ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം (2005 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍), അണ്ഡ ദാതാവ് ഒരു ജനിതക മാതാവാണെങ്കിലും നിയമപരമായ അവകാശങ്ങള്‍ അവര്‍ക്കുണ്ടായിരിക്കില്ലെന്നാണ് ജഡ്ജി ജസ്റ്റിസ് മിലിന്ദ് എന്‍ ജാദവ് വ്യക്തമാക്കിയത്. അണ്ഡ ദാതാവിന് കുട്ടിയുമായി ബന്ധപ്പെട്ട് രക്ഷാകര്‍തൃ അവകാശമോ കടമകളോ ഇല്ലെന്നും ഈ വിഷയത്തില്‍ ഹര്‍ജിക്കാരിയുടെ അനുജത്തിക്ക് കുട്ടികളുടെ മേല്‍ നിയമപരമായ അവകാശങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.















