ജക്കാര്‍ത്ത: മധ്യ ഇന്തോനേഷ്യയില്‍ പെരുമ്പാമ്പിന്റെ ആക്രമണത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. ദക്ഷിണ സുലവേസി പ്രവിശ്യയിലെ പലോപോ നഗരത്തിനടുത്താണ് സംഭവം. 74 കാരിയായ മാഗയാണ് ദാരുണമായ സംഭവത്തിന് ഇരയായത്. പ്രവിശ്യയില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ മരണമാണ് വെള്ളിയാഴ്ച നടന്നതെന്ന് പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും വ്യക്തമാക്കി.
വയലില്‍ ജോലിക്കുപോയ വൃദ്ധ ബുധനാഴ്ച വീട്ടില്‍ തിരിച്ചെത്താതായതോടെ തിരക്കിയിറങ്ങിയ ബന്ധുക്കളാണ് അപകടവിവരം അറിഞ്ഞത്. പാമ്പ് ഇവരെ കടിക്കുകയും തോള്‍ ഭാഗത്തോളം വിഴുങ്ങിയിരുന്നതായും പിന്നീട് ഛര്‍ദ്ദിച്ചു കളഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. 13 അടി നീളമുള്ള പെരുമ്പാമ്പിനെ ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു.
ഇന്തോനേഷ്യയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരത്തിലുള്ള പെരുമ്പാമ്പ് ആക്രമണങ്ങളും മരണങ്ങളും തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ മാസം, ദക്ഷിണ സുലവേസി പ്രവിശ്യയിലെ സിതേബ ഗ്രാമത്തില്‍ പാമ്പ് വിഴുങ്ങിയ ഒരു സ്ത്രീയെ പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.