ലണ്ടനിലേക്കുള്ള വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; ജീവനൊടുക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍, അടിയന്തര ലാന്‍ഡിംഗ്

ലണ്ടന്‍: വിമാനത്തിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യാത്രക്കാരനുമായി അടിയന്തരലാന്‍ഡിംഗ് നടത്തി ബാങ്കോക്കില്‍ നിന്ന് ലണ്ടനിലേക്കുള്ള ഇവിഎ എയര്‍ വിമാനം. വെള്ളിയാഴ്ചയായിരുന്നു നാടകീയ സംഭവങ്ങളുണ്ടായതും വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമായതും.

ഒരു യാത്രക്കാരന്‍ വിമാനത്തിന്റെ ശുചിമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്നാണ് വിമാനത്തിന് അടിയന്തര ലാന്‍ഡിംഗിലേക്ക് കടക്കേണ്ടി വന്നത്. ഏറെ നേരമായി വിമാനത്തിന്റെ ശുചിമുറിയില്‍ ഒരാളുണ്ടെന്ന് മനസിലാക്കിയ ക്യാബിന്‍ ക്രൂവാണ് യാത്രക്കാരനെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. അയാളുടെ അവസ്ഥ മോശമായതിനെത്തുടര്‍ന്ന് പ്രാദേശിക സമയം വൈകുന്നേരം 7:30 ഓടെ വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. അവിടെ കാത്തുനിന്ന മെഡിക്കല്‍ സംഘം യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും തുടര്‍ ചികിത്സ നല്‍കുകയും ചെയ്തു. ഇവിഎ എയര്‍ സംഭവം സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരന്റെ ആരോഗ്യനിലയെക്കുറിച്ചോ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷം ആദ്യം യു.കെയില്‍ നിന്നുള്ള മറ്റൊരു വിമാനവും യാത്രക്കാരുടെ പിഴവുമൂലം അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. ജനുവരിയില്‍ യുകെയില്‍ നിന്ന് സ്പെയിനിലേക്കുള്ള റയാന്‍ എയര്‍ വിമാനം യാത്രക്കാര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് അപ്രതീക്ഷിതമായി പോര്‍ച്ചുഗലില്‍ ലാന്‍ഡ് ചെയ്തത്. മദ്യപിച്ച പുരുഷ യാത്രക്കാര്‍ സ്ത്രീകളെ ശല്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം കാരണമായിരുന്നു വിമാനം പോര്‍ച്ചുഗലില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

More Stories from this section

family-dental
witywide