കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികളും മൂന്നുമാസം പ്രായമുള്ള പേരക്കുട്ടിയും മരിച്ചു

ഒന്റാറിയോ: തിങ്കളാഴ്ച വിറ്റ്ബിയിലെ ഹൈവേ 401-ല്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഇന്ത്യന്‍ ദമ്പതികളും അവരുടെ പേരക്കുട്ടിയും ഉള്‍പ്പെടുന്നു. കുഞ്ഞിന് മൂന്നുമാസം മാത്രമാണ് പ്രായം. കുഞ്ഞിന്റെ മാതാപിതാക്കള്‍ അപകടത്തില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ടു. 33 കാരനായ അച്ഛനെയും 27 കാരിയായ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അമ്മയുടെ പരിക്ക് ഗുരുതരമാണ്. അജാക്സിലെ താമസക്കാരാണ് ഇവര്‍.

വിറ്റ്ബിയിലെ ഹൈവേ 401ലാണ് ദാരുണമായ അപകടം ഉണ്ടായത്. അപകടത്തില്‍ മണിവണ്ണന്‍, മഹാലക്ഷ്മി, അവരുടെ കൊച്ചുമകന്‍ എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ടൊറന്റോ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തെ കാണുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തുവെന്നും കനേഡിയന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ടൊറന്റോ, എക്‌സില്‍ കുറിച്ചു.

ഒന്റാറിയോയുടെ പ്രത്യേക അന്വേഷണ വിഭാഗം പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാത്രിയുണ്ടായ കൂട്ടിയിടിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാല് വ്യക്തികളുടെ ജീവന്‍ നഷ്ടമായി. ദമ്പതികള്‍ക്കൊപ്പം, അവരുടെ ചെറുമകനും സംഭവസ്ഥലത്ത് തന്നെ ദാരുണമായി മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച കാര്‍ഗോ വാനിന്റെ 21 കാരനായ ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന 38 കാരനായ യാത്രക്കാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.