
ന്യൂഡല്‍ഹി: യുഎഇയിലെ റാസല്‍ഖൈമ തീരത്ത് സ്വകാര്യ ചെറുവിമാനം തകര്‍ന്ന് മരിച്ച രണ്ട് പേരില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടറും ഉള്‍പ്പെടുന്നു. അപകടത്തില്‍ മരിച്ച 26 കാരിയായ പാകിസ്ഥാന്‍ യുവതിയായിരുന്നു പൈലറ്റ്. വിമാനത്തിന്റെ സഹ പൈലറ്റായിരുന്നു സുലൈമാന്‍ അല്‍ മജീദ്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ പൈലറ്റിന്റെയും സഹ പൈലറ്റിന്റെയും ജീവന്‍ നഷ്ടമായിരുന്നു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് സ്ഥിരീകരണം നടത്തിയത്.
ബീച്ചിനോട് ചേര്‍ന്നുള്ള കോവ് റൊട്ടാന ഹോട്ടലിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് വ്യോമയാന അതോറിറ്റി അറിയിച്ചു. യുഎഇയില്‍ ജനിച്ചു വളര്‍ന്ന 26 കാരനായ സുലൈമാന്‍ തന്റെ കുടുംബത്തോടൊപ്പം കാഴ്ചകള്‍ കാണുന്നതിനായി വിമാനം വാടകയ്ക്കെടുത്തിരുന്നു. അവന്റെ അച്ഛനും അമ്മയും ഇളയ സഹോദരനും വിമാനം കാണാന്‍ ഏവിയേഷന്‍ ക്ലബ്ബില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിന് റേഡിയോ ബന്ധം നഷ്ടപ്പെടുകയും പിന്നീട് എമര്‍ജന്‍സി ലാന്‍ഡിംഗിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമയാന അതോറിറ്റി അന്വേഷണം ആരംഭിച്ചു.
യുകെയിലെ കൗണ്ടി ഡര്‍ഹാം ആന്‍ഡ് ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ക്ലിനിക്കല്‍ ഫെലോ ആയിരുന്നു സുലൈമാന്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനുമായി (ബിഎംഎ) പ്രവര്‍ത്തിച്ച അദ്ദേഹം അവിടെ അദ്ദേഹം ഓണററി സെക്രട്ടറിയായും പിന്നീട് നോര്‍ത്തേണ്‍ റസിഡന്റ് ഡോക്ടേഴ്സ് കമ്മിറ്റിയുടെ കോ-ചെയര്‍ ആയും സേവനമനുഷ്ഠിച്ചു.