സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍, സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാന്‍ അബ്ദുള്‍ ഹാജി അലി ആണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അലിക്കായി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുഗ്ലക്കാബാദ് ഏരിയയിലെ പാര്‍ക്കില്‍ രാത്രി 11 മണിയോടെ റിസ്വാന്‍ അലി എത്തുമെന്നായിരുന്നു വിവരം. തുടര്‍ന്ന് കെണിയൊരുക്കി കാത്തിരുന്ന സ്പെഷ്യല്‍ സെല്ലിന്റെ പിടിയില്‍ പെടുകയായിരുന്നു. റിസ്വാന്‍ അലിയുടെ കൈവശം നിന്ന് .30 ബോര്‍ സ്റ്റാര്‍ പിസ്റ്റളും മൂന്ന് ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്തു. കൂടാതെ, രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെത്തി. വിശദമായ അന്വേഷണത്തിനായി ഫോണിലെ ഡാറ്റ അധികൃതര്‍ പരിശോധിച്ചുവരികയാണ്.

ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി റിസ്വാന്‍ അലിയും കൂട്ടാളികളും ഡല്‍ഹിയിലെ വിഐപി മേഖലകളില്‍ നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. റിസ്വാന്‍ അലിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് നഗരത്തിലുടനീളം സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഐഎസുമായും അല്‍ഖ്വയ്ദയുമായും ബന്ധമുള്ള ഭീകരരുടെ ചിത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പതിച്ചിട്ടുണ്ട്.