‘ഇത് മുംബൈ അല്ല, ദുബായ്’ വെള്ളപ്പൊക്ക വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ; വ്യാപക വിമര്‍ശനം

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് ദുരിതത്തിലായ ദുബായിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് പരക്കെ വിമര്‍ശനം ഏറ്റുവാങ്ങുന്നു.

ദുബായിലെ വെള്ളക്കെട്ടുള്ള റോഡുകള്‍ കാണിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ദുബായിയുടെ അവസ്ഥയെ മുംബൈയുമായി താരതമ്യം ചെയ്ത ആനന്ദ് മഹീന്ദ്ര, ‘അല്ല. മുംബൈ അല്ല, ദുബായ്,’ എന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ദുബായിയുടെ അവസ്ഥയെ പരിഹസിച്ചതിന് വ്യാപകമായി ആനന്ദിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

ആനന്ദ് മഹീന്ദ്രയെ ജെറ്റ് എയര്‍വേയ്സ് മുന്‍ സിഇഒ സഞ്ജീവ് കപൂര്‍ ഉള്‍പ്പെടെയുള്ളവരാണ് വിമര്‍ശിച്ചത്. പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കപൂര്‍ ഇതൊരു തെറ്റായ സാമ്യമാണെന്നും ഇത്രയും കനത്ത മഴയ്ക്ക് വേണ്ടിയല്ല ദുബായ് നിര്‍മ്മിച്ചതെന്നും മിക്ക നഗരങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയാണ് പെയ്യുന്നതെന്നും മഞ്ഞുവീഴ്ചയെ നേരിടാന്‍ കഴിയാത്ത ബോംബെയില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായാല്‍ എങ്ങനെയുണ്ടാകുമെന്നും പ്രതികരിച്ചു. മാത്രമല്ല അതില്‍ ഓസ്ലോയിലെ ആളുകള്‍ മുംബൈയെ കളിയാക്കുമോ?’ എന്നും ചോദിച്ചു.

ആനന്ദ് മഹീന്ദ്ര

പോസ്റ്റ് ദുബായിയെ പരിഹസിക്കുന്നില്ലായിരിക്കാം. എന്നിരുന്നാലും, കനത്ത മഴയെ നേരിടാന്‍ അനുകൂലമായി നിര്‍മ്മിച്ച ഇടമല്ല ദുബായ് എന്നതാണ് കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് തീവ്രമായ കാലാവസ്ഥയും കൈകാര്യം ചെയ്യാന്‍ നഗരങ്ങള്‍ നിര്‍മ്മിക്കുന്നത് അപ്രായോഗികമാണെന്നും സഞ്ജീവ് കപൂര്‍ വിമര്‍ശനം ഉന്നയിച്ചു.

നിരവധിപേരാണ് ആനന്ദ് മഹീന്ദ്രയെ വിമര്‍ശിച്ച് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.