ആന്ധ്രാ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു; വൈ.എസ് ശർമിള ചുമതലയേൽക്കുമെന്ന് സൂചന

അമരാവതി: ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു രാജിവച്ചതായി റിപ്പോർട്ട്. അടുത്തിടെ കോൺഗ്രസിൽ ചേർന്ന വൈ.എസ് ശർമിളയെ പുതിയ സംസ്ഥാന അധ്യക്ഷയായി നിയമിച്ചേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കോൺഗ്രസ് ഉടൻ നടത്തിയേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ഈ മാസം ആദ്യമാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈ എസ് ശർമിള കോൺഗ്രസിൽ ചേർന്നത്. വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കൊണ്ടായിരുന്നു ശർമിളയുടെ നീക്കം.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ശർമിള കോൺഗ്രസിൽ ചേർന്നത്. തെലങ്കാനയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് ശർമിള വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താൻ കോൺഗ്രസിന് പിന്തുണ നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ വോട്ടുകളുടെ ഭിന്നിപ്പ് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ശർമിള വിസമ്മതിച്ചു.

Also Read

More Stories from this section

family-dental
witywide