
പത്തനംതിട്ട: സീറ്റ് കിട്ടാത്തതിൽ ഇടഞ്ഞു നിൽക്കുന്ന പി.സി. ജോർജിനെ സന്ദർശിച്ച് ബിജെപി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ ആന്‍റണി. പൂഞ്ഞാറിലെ വീട്ടിലെത്തിയാണ് അനിൽ ആന്‍റണി പി.സി ജോർജിനെ കണ്ടത്. വീട്ടിലെത്തിയ അനിൽ ആന്റണിയെ മധുരം നൽകിയാണ് പി.സി. ജോർജ് സ്വീകരിച്ചത്. പി.സി. ജോർജിന്‍റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ തന്നെ അനിൽ ആന്‍റണി അറിയിച്ചിരുന്നു.
ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അനില്‍ ആന്റണി പി സി ജോര്‍ജിനെ കാണാനെത്തിയത്. സന്ദർശന ശേഷം ഇരുവരും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. മണ്ഡലത്തിലുടനീളം അനിൽ ആന്‍റണിയെ പരിചയപ്പെടുത്താൻ കൂടെയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിന് തന്‍റെ ആവശ്യമില്ലെന്നും ബി.ജെ.പിക്ക് ആവശ്യത്തിലധികം പ്രവർത്തകരുണ്ടെന്നുമായിരുന്നു പി.സി. ജോർജിന്‍റെ മറുപടി. മണ്ഡലത്തിലെ പോകേണ്ട സ്ഥലങ്ങളിൽ പോകും. പത്തനംതിട്ട അല്ലാതെ മറ്റൊരു സ്ഥലത്തും സ്ഥാനാർത്ഥിയാകില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
“നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്. ക്രിസ്ത്യന്‍ പിന്തുണ ഉറപ്പാക്കും. ഞാനുമായി നേരിട്ടുള്ള ബന്ധമാണ്. അനില്‍ ആന്റണിക്ക് വേണ്ടി ഞാന്‍ പോകേണ്ടിടത്ത് ഞാന്‍ പോകും, പ്രവര്‍ത്തകര്‍ പോകേണ്ടിയിടത്ത് പ്രവര്‍ത്തകര്‍ പോകും. പലരോടും സംസാരിച്ചുകഴിഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കും. കാസയുടെ പിന്തുണ ഉറപ്പാക്കും. പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം. ആ മര്യാദ കാണിക്കണം,” പി സി ജോര്‍ജ് പ്രതികരിച്ചു.