സഹസംവിധായകന്‍ അനില്‍ സേവ്യര്‍ അന്തരിച്ചു

അങ്കമാലി: ശില്‍പ്പിയും ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് എന്നീ സിനിമകളുടെ സഹസംവിധായകനുമായ അനില്‍ സേവ്യര്‍ (39) അന്തരിച്ചു. ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. അങ്കമാലി കിടങ്ങൂര്‍ പുളിയേല്‍പ്പടി പി.എ. സേവ്യര്‍ – അല്‍ഫോന്‍സ ദമ്പതികളുടെ മകനാണ്. ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നല്‍കി വരികയായിരുന്നു.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നു ബിഎഫ്എ പൂര്‍ത്തിയാക്കിയശേഷം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു ശില്പകലയില്‍ എംഎഫ്എ ചെയ്തു. ഒരേ സമയം കാമ്പസില്‍ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശില്‍പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു. സഹോദരന്‍: അജീഷ് സേവ്യര്‍. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തിന് നല്‍കണമെന്ന അനിലിന്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു