ഇന്നത്തെ തിരച്ചിൽ നിർണായകം; ഒൻപതാം ദിവസവും അർജുനെ കാത്ത്; സോണാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് ഇന്ന് പരിശോധന

ബംഗളൂരു: കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം സ്ഥലത്തെത്തിച്ചു. ​ഗംഗാവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സി​ഗ്നൽ കേന്ദ്രീകരിച്ചാകും തിരച്ചിൽ. അതേസമയം, ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

കഴിഞ്ഞദിവസത്തെ പരിശോധനയിൽ സോണാർ സി​ഗ്നൽ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് പരിശോധിക്കും. മുൻ സൈനിക ഉദ്യോ​ഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാ​ഗമാകും. ഇന്ന് വൈകിട്ടോടെ വ്യക്തത വരുമെന്ന് ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥർ പറയുന്നു.

ഇന്നലെ ഗംഗാവല്ലി പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് ഉയർന്നതോടെ പുഴയിലെ തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.