തിരിച്ചടിയായി കാലാവസ്ഥ; അർജുനായുള്ള തിരച്ചിൽ ആശങ്കയിൽ; രണ്ടു കേരള മന്ത്രിമാർ ഷിരൂരിൽ എത്തും

അങ്കോല: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമം 11-ാം ദിവസവും തുടരും. കാലാവസ്ഥ പ്രതികൂലമായതിനാൽ തിരച്ചിൽ അല്പം മന്ദഗതിയിൽ ആണ്. ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കാണ് ദൗത്യത്തിന് വെല്ലുവിളിയായി നിലനില്‍ക്കുന്നത്. ഇത് ഡൈവിങ് സംഘത്തിന് പുഴയിലിറങ്ങാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

രണ്ട് നോട്ട് അടിയൊഴുക്കാണ് പുഴയില്‍ ഇറങ്ങാനുള്ള അനുകൂലമായ സാഹചര്യം. മൂന്ന് നോട്ടിലേക്കെങ്കിലും ശക്തി കുറഞ്ഞാൽ ലോറിക്കടുത്തേക്ക് പോകാന്‍ ശ്രമം നടത്താമെന്നാണ് ഡൈവിങ് സംഘത്തിന്റെ പദ്ധതി. നിലവില്‍ ആറ് നോട്ടിന് മുകളിലാണ് അടിയൊഴുക്ക്. ഷിരൂരില്‍ കാലാവസ്ഥ ഇപ്പോഴും പ്രതികൂലമായി തുടരുകയാണ്.

അതേസമയം, സംസ്ഥാന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഷിരൂരിലേക്ക് തിരിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് പരിശോധനയില്ല. ഡ്രോണ്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലൻ ഷിരൂരില്‍നിന്ന് തിരിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിച്ചു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചത്തെ തിരച്ചിലിന് പദ്ധതി തയ്യാറാക്കിയത്.