
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. കലാപ ആഹ്വാനത്തിനാണ് പൂജപ്പുര പൊലീസ് കേസ് എടുത്തത്. ജില്ലാ പ്രസിഡന്റ് ഷെജീര്‍ നേമം ഒന്നാം പ്രതിയും രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാം പ്രതിയുമാണ്. ജയിലിന് മുന്നിലെ ആഹ്‌ളാദ പ്രകടനത്തിന്റെ പേരിലാണ് കേസ്. ഗതാഗതം തടസ്സപ്പെടുത്തിയെന്നും ജയില്‍ ജീവനക്കാരുടെ ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ചുവെന്നുമാണ് രാഹുലിനെതിരായ എഫ്‌ഐആറിലെ ആരോപണങ്ങള്‍.
അതേസമയം ഇടതുപക്ഷ സര്‍ക്കാരിന് അമിതാധികാര പ്രയോഗത്തിന്റെ ഭ്രാന്തായിരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. താനും തന്റെ പ്രസ്ഥാനവും ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മയ്‌ക്കെതിരായി ഇനിയും ശക്തമായി സംസാരിച്ചുകൊണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. തനിക്കെതിരെ കേസെടുത്തതില്‍ ഒരു പരാതിയുമില്ല. വിയോജിക്കുന്നവര്‍ക്കെതിരെ ഏത് രീതിയിലും കേസുകളെടുക്കുക എന്നതാണ് അവരുടെ ശൈലി. ഒരു പരാതിയുമില്ല. താന്‍ ഗള്‍ഫില്‍ ജോലിക്കൊന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.













