
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ ഒരു കര്‍ഷകന്റെകൂടി ജീവന്‍ നഷ്ടമായി. ബട്ടിൻഡ, അമര്‍പുര ഗ്രാമത്തില്‍ നിന്നുള്ള ദര്‍ശന്‍ സിങ്ങാണ് (62) മരണമടഞ്ഞത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘർഷത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും മുപ്പതോളം പേർക്ക് പരുക്കേറ്റതായും ഹരിയാന പോലീസ് അറിയിച്ചു. കർഷകർക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.സമാധാന അന്തരീക്ഷം ഇല്ലതാക്കിയതായും ഉദ്യോഗസ്ഥർക്കുനേരെ കല്ലെറിഞ്ഞെന്നും പൊതുസ്വത്ത് നശിപ്പിച്ചെന്നും കർഷകർക്കെതിരെ ആരോപണമുണ്ട്.
ഇതിനിടെ പോലീസുമായുള്ള സംഘർഷത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്‌കരണ്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.
ശംഭു അതിർത്തിയില്‍ മാർച്ച് തടയുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യാനുള്ള നിരന്തരമായ ശ്രമം കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി അംബാല പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കർഷകന്റെ മരണത്തില്‍ ഇന്ന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമെന്ന് സമരക്കാർ അറിയിച്ചു. ഇന്ന് ‘കരിദിന’മായി ആചരിക്കും. 40 കർഷക സംഘടനകൾ ഉൾക്കൊള്ളുന്ന സംയുക്‌ത കിസാൻ മോർച്ചയാണ് ഇന്ന് കരിദിനമായി ആചരിക്കാൻ ആഹ്വാനം നൽകിയത്.രാജ്യവ്യാപകമായി ഫെബ്രുവരി 26ന് ഹൈവേകളിൽ ട്രാക്ടർ മാർച്ച് നടത്തുമെന്നും മാർച്ച് 14ന് ഡൽഹിയിൽ മഹാപഞ്ചായത്ത് യോഗം സംഘടിപ്പിക്കുമെന്നും ചണ്ഡീഗഡിലെ മറ്റ് കർഷക സംഘടനകളുമായുള്ള യോഗത്തിനുശേഷം എസ്‌കെഎം വ്യക്തമാക്കി.
another farmer dies during ongoing Farmer protest