കണ്ണീരുണങ്ങും മുമ്പേ കുവൈത്തില്‍ വീണ്ടും തീപിടുത്തം : മെഹബൂലയിലെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ മൂന്ന് ഇന്ത്യക്കാര്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കുവൈറ്റ് ദുരന്തത്തില്‍ ഇന്ത്യക്കാരടക്കം 50 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദാരുണമായ അപകടത്തിന്റെ നടുക്കം മാറും മുമ്പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെല്ലാം ഇന്ത്യക്കാരാണ്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയവരാണ് മൂന്നുപേരും. പരിക്കേറ്റ എല്ലാവരെയും അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

മെഹബൂലയിലെ ഒന്നാം ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടര്‍ന്നുകയറിയത്. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്.