
ന്യൂയോർക്ക്: ഒഹായോയിൽ ഇന്ത്യൻ വിദ്യാർത്ഥി ഉമ സത്യസായി ഗദ്ദേയെ മരിച്ച നിലയില്‍ കണ്ടെത്തിയതായും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ ഇന്ത്യയിലെ കുടുംബവുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്.
മരണ കാരണം വ്യക്തമല്ല. ഈ വർഷം മാത്രം യുഎസിൽ മരണപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 10 കവിഞ്ഞിട്ടുണ്ട്.
Deeply saddened by the unfortunate demise of Mr. Uma Satya Sai Gadde, an Indian student in Cleveland, Ohio.
— India in New York (@IndiainNewYork) April 5, 2024
Police investigation is underway. @IndiainNewYork continues to remain in touch with the family in India.
All possible assistance is being extended including to transport…
“ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ ഇന്ത്യൻ വിദ്യാർത്ഥിയായിരുന്ന ഉമ സത്യസായി ഗദ്ദേയുടെ ദൗർഭാഗ്യകരമായ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഉമാ ഗദ്ദേയുടെ ഭൗതികാവശിഷ്ടങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതുൾപ്പെടെ, സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്,” ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
2024 ൻ്റെ തുടക്കം മുതൽ, യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണങ്ങള്‍ ഒരു തുടര്‍ക്കഥയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്ലീവ്‌ലാൻഡ് ഏരിയയിൽ നിന്നു തന്നെ മറ്റൊരു ഇന്ത്യൻ വിദ്യാർഥി മുഹമ്മദ് അബ്ദുൾ അറാഫത്തിനെ കാണാതായിരുന്നു. പത്ത് ദിവസത്തിന് ശേഷം,അയാളെ തട്ടിക്കൊണ്ടുപോയതായും 1200 ഡോളർ മോചനദ്രവ്യം വേണമെന്നും ആവശ്യപ്പെട്ട് ഫോൺ കോൾ ലഭിച്ചതായി അദ്ദേഹത്തിൻ്റെ പിതാവ് മൊഹമ്മദ് സലീം പരാതിപ്പെട്ടിരുന്നു. മകനെ കണ്ടെത്താൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അറാഫത്ത് 2023 മെയ് മാസത്തിൽ ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഐടി ബിരുദാനന്തര ബിരുദത്തിനായി യുഎസിലേക്ക് പോയതായിരുന്നു.
കഴിഞ്ഞ മാസം മിസൗറിയിലെ സെൻ്റ് ലൂയിസിൽ ബംഗാളിലെ അറിയപ്പെടുന്ന ക്ളാസിക്കൽ നർത്തകനും യുഎസിലെ ഗവേഷക വിദ്യാർഥിയുമായിരുന്ന അമർനാഥ് ഘോഷ് വെടിയേറ്റ് മരിച്ചിരുന്നു.
പർഡ്യൂ സർവകലാശാലയിലെ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിയായ 23 കാരനായ സമീർ കാമത്തിനെ ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ജനുവരി 30 ന്, പർഡ്യൂ സർവകലാശാലയിലെ തന്നെ വിദ്യാർത്ഥിയായ നീൽ ആചാര്യയെ ദിവസങ്ങളോളം കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അതുപോലെ, ജനുവരി 29 ന്, വിവേക് സൈനി എന്ന മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിലെ ജോർജിയയിലെ ലിത്തോണിയയിലെ ഒരു സ്റ്റോറിൽ വച്ച് ഒരാൾ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നിരുന്നു.
Another Indian Student Dies In Ohio US










