
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട്, ചെമ്പ്രശേരി സ്വദേശിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.50ന് ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ നിപ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തി രോഗം നിപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്. സുഹൃത്തിനും രോഗലക്ഷണങ്ങളുള്ളതായാണ് റിപ്പോര്‍ട്ട്.
കുട്ടിയെ രക്ഷിക്കാനായി ഓസ്‌ട്രേലിയയില്‍നിന്ന് ആന്റിബോഡി മരുന്നും പുണെയില്‍നിന്ന് പ്രതിരോധ വാക്‌സിനും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇന്ന് രാവിലെ 10.50 ഹൃദയാഘാതമുണ്ടായി. രക്തസമ്മര്‍ദ്ദം താഴ്ന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
പതിനൊന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും ജൂലൈ 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.