
ധാക്ക: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബംഗ്ലാദേശിലുടനീളം നടന്ന സര്‍ക്കാര്‍ വിരുദ്ധ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ഞായറാഴ്ച 14 പൊലീസുകാര്‍ ഉള്‍പ്പെടെ 97 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക്, മധ്യഭാഗങ്ങളിലെ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെ പുനരാരംഭിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഞായറാഴ്ച, ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെതിരെ പ്രകടനം നടത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി. പ്രതിഷേധത്തിനിടെ, പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചു. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു, നിരവധി ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.