ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാന്‍ ഇനി എളുപ്പം; നീല നിറത്തിലുള്ള പ്രത്യേക കവറുകള്‍ റെഡി

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പങ്കുവെച്ചത്. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നതെന്നും റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance – ROAR) എന്ന പേരില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കും. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതിലാണ് ആന്റിബയോട്ടിക് നല്‍കേണ്ടത്.

സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇത്തരത്തില്‍ നീല കവറുകള്‍ നല്‍കും. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide