
പത്തനംതിട്ട: പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികൾ പാക്കിസ്ഥാൻ അല്ല മറിച്ച് കേന്ദ്രസർക്കാർ ആണെന്നും പറഞ്ഞ ആന്റോ ആന്റണി എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭീകരവാദികളുടെ കൈയടി വാങ്ങാനും നാലുവോട്ടിനും വേണ്ടി നാടിനെ ഒറ്റുകൊടുക്കുകയാണ് കോൺഗ്രസ് നേതാക്കളെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ആരുടെ വോട്ടിന് വേണ്ടിയാണ് നീചമായ പ്രസ്താവന നടത്തിയതെന്ന് ആൻ്റോ ആൻ്റണി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. സൈന്യത്തെ ആൻ്റോ ആൻ്റണി അപമാനിച്ചു. പാക്കിസ്ഥാൻ അനുകൂല നിലപാടിന് ദേശസ്നേഹികൾ വോട്ടിലൂടെ മറുപടി പറയുമെന്നും സുരേന്ദ്രൻ്റെ പ്രസ്താവനയിൽ പറയുന്നു.
പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണറുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആന്റോ ആന്റണിയുടെ പ്രസ്താവന. ‘ഇന്ത്യൻ അതിർത്തിക്കകത്ത് നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. ജവാന്മാരുടെ ജീവൻ ബലികൊടുത്തത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് ബിജെപി നിശ്ചയിച്ച അന്നത്തെ ഗവർണർ പോലും പറഞ്ഞതാണ്. ജവാന്മാരെ കൊണ്ടുപോകേണ്ടത് ഹെലികോപ്റ്ററിലാണ്. ഒരിക്കലും ഇത്രയും ആളുകൾ ഒരുമിച്ച് യാത്രചെയ്യാൻ അനുവാദമില്ല. ആ മാനദണ്ഡങ്ങൾ ലംഘിച്ച് മനപ്പൂർവ്വം ഈ വഴിയിലോട്ട് വിടുകയും സ്ഫോടനം ഉണ്ടാകുകയും മരിക്കുകയും ചെയ്തു എന്ന് പറഞ്ഞത് ബി.ജെ.പി. നിശ്ചയിച്ച ഗവർണറാണ്. കൃത്രിമമായി സൃഷ്ടിച്ചതാണ് സ്ഫോടനം എന്നും 42 ജവാന്മാരുടെ മരണത്തിന് സർക്കാരിന് ഉത്തരവാദിത്വം ഉണ്ടാകുമെന്നും പറഞ്ഞില്ലേ?’, എന്നായിരുന്നു ആന്റോ ആന്റണിയുടെ പ്രസ്താവന.














