
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. കാർ അമിത വേഗത്തിലായിരുന്നു എന്നും അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടി. അമിത വേഗത്തിലെത്തിയ കാർ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അന്വേഷണ റിപ്പോർട്ട് ഇന്ന് ആർടിഒ എൻഫോഴ്സ്മെന്റ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറും.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നൂറനാട് സ്വദേശിനി അനുജയും ചാരുംമൂട് സ്വദേശി ഹാഷിമുമാണ് മരിച്ചത്. തുമ്പമൺ നോർത്ത് വിഎച്ച്എസ്എസ് അധ്യാപികയായ അനുജ സഹ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്നു. കുളക്കടയിൽ വെച്ചാണ് ഹാഷിം അനുജയെ കാറിൽ കയറ്റിയത്. കാറിൽ കയറി മിനിറ്റുകൾകകം അപകടം നടന്നതായി പൊലീസ് പറയുന്നു.
കാറിൽ അനുജക്ക് മർദനമേൽക്കുന്നത് കണ്ടതായും ദൃക്സാക്ഷി മൊഴികളുണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടയ്നർ ലോറിയുടെ ഡ്രൈവർ ബംഗാൾ സ്വദേശി ഷാരൂഖ് പറഞ്ഞു.