
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലിദ്വീപ് മന്ത്രി നടത്തിയ വിമര്‍ശനത്തെ അപലപിച്ച് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. മാലിദ്വീപ് മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ദ്വീപരാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സംഖ്യകക്ഷിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
“മാലിദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായകമായ ഒരു പ്രധാന സഖ്യകക്ഷിയുടെ നേതാവിന് നേരെ മാലിദ്വീപ് സർക്കാർ ഉദ്യോഗസ്ഥ മറിയം ഷിയുന ഞെട്ടിക്കുന്ന തരത്തിലുള്ള ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. മന്ത്രിയുടെ അഭിപ്രായം സര്‍ക്കാര്‍ നയമല്ലെന്ന് പ്രസിഡന്റ മുഹമ്മദ് മുയിസു ഇന്ത്യയെ അറിയിക്കണം,” നഷീദ് പറഞ്ഞു.
മാലിദ്വീപില്‍ ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്. 2008ലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2012ൽ എതിരാളികൾ നടത്തിയ അട്ടിമറിയെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു.
പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായിരുന്നു.
അധികാരത്തിലെത്തിയാല്‍ ദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ നീക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ചൈനാ സന്ദര്‍ശനത്തിനും മുയിസു തയ്യാറെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് അറിയിച്ചിരുന്നു.
പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്സില്‍ നിന്നും ഇത് നീക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദ്, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും എക്സ് പ്ലാറ്റ് ഫോമില്‍ പറഞ്ഞിരുന്നു.
രാജ്യത്തെ 36 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സില്‍ കുറിച്ചു. ഈ പോസ്റ്റും പിന്നീട് വലിയ വിവാദമായി.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ‘മാലിദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന പരാമര്‍ശവുമായി നിരവധിപ്പേരാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തിയത്.














