ആപ്പിളിലും പിരിച്ചുവിടൽ 600 ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി; കാർ, സ്മാർട്ട്‌വാച്ച് പദ്ധതികൾ ഉപേക്ഷിച്ചു

കാലിഫോർണിയ: കാലിഫോർണിയ എംപ്ലോയ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിന്റെ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ കാർ, സ്മാർട്ട് വാച്ച് ഡിസ്‌പ്ലേ പ്രോജക്റ്റുകൾ അവസാനിപ്പിക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായി കാലിഫോർണിയയിലെ ഓഫീസിൽ നിന്ന് 600-ലധികം ജീവനക്കാരെ ആപ്പിൾ പിരിച്ചുവിട്ടു.

വർക്കർ അഡ്ജസ്റ്റ്‌മെൻ്റ് ആൻഡ് റീട്രെയിനിംഗ് നോട്ടിഫിക്കേഷൻ അല്ലെങ്കിൽ വാർൺ പ്രോഗ്രാം അനുസരിച്ച് കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി എട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ സ്‌റ്റേറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന അതാത് ഓഫീസുകളുടെ വിലാസത്തില്‍ നിന്ന് കാലിഫോര്‍ണിയ ഭരണകൂടത്തിന് റിപ്പോര്‍ട്ടായി നല്‍കേണ്ടതുണ്ട്. ഇതനുസരിച്ച് 87 ജീവനക്കാര്‍ സ്മാര്‍ട് വാച്ച് ഡിസ്‌പ്ലേയ്ക്ക് വേണ്ടി ഒരുക്കിയ ഒരു രഹസ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. പിരിച്ചുവിടപ്പെട്ട മറ്റുള്ളവരെല്ലാം ആപ്പിളിന്റെ കാര്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കെട്ടിടങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ്.

ഫെബ്രുവരി അവസാനത്തോടെയാണ് കാർ, സ്മാർട്ട്‌വാച്ച് പദ്ധതികൾ ഉപേക്ഷിക്കാൻ ആപ്പിൾ തീരുമാനിച്ചത്. കാര്‍നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശയക്കുഴപ്പങ്ങളും അതിന്റെ ചിലവുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം എന്നാണ് വിവരം. എഞ്ചിനീയറിങ്, വിതരണക്കാര്‍, ചിലവ് എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് സ്മാര്‍ട് വാച്ച് ഡിസ്പ്ലേ പ്രോഗ്രാം അവസാനിപ്പിച്ചത്.

ആപ്പിൾ കാർ പദ്ധതിക്കായി കാലിഫോര്‍ണിയയിലെ സാന്റാക്ലാരയിൽ പ്രവര്‍ത്തിച്ചിരുന്നവരാണ് പിരിച്ചുവിടപ്പെട്ട 371 പേര്‍. പദ്ധതിക്ക് വേണ്ടി മറ്റ് പലയിടങ്ങളിലായി ജോലി ചെയ്തവരേയും പിരിച്ചുവിട്ടിട്ടുണ്ട്. നിരവധി പേരെ റോബോട്ടിക്‌സ്, എഐ ഉള്‍പ്പടെയുള്ള കമ്പനിയുടെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്.

More Stories from this section

family-dental
witywide