രാഷ്ട്രീയ കൊടുങ്കാറ്റാകാന്‍ അരവിന്ദ് കെജ്രിവാളിന് 21 ദിവസം; എല്ലാ കണ്ണുകളും ദില്ലി മുഖ്യമന്ത്രിയിലേക്ക് 

മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം നേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്തിറങ്ങുന്നത് തിളച്ചുമറിയുന്ന തെരഞ്ഞെടുപ്പ് മണ്ണിലേക്കാണ്. കെജ്രിവാളിന്റെ വരവ് ഇന്ത്യാ സഖ്യത്തിന് കരുത്തുപകരും എന്നതില്‍ സംശയമില്ല. കെജ്രിവാള്‍ എന്ത് പറയും, എങ്ങനെ ആക്രമിക്കും, എവിടെ തുടങ്ങും  എന്നൊക്കെ അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം. 

ഉപാധികളോടെയാണ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യ നല്‍കിയിരിക്കുന്നത്. 21 ദിവസം കെജ്രിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പിനായി പ്രചരണം നടത്താം. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല. ഉപാധിവെച്ചാണങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് അനുമതി നല്‍കി കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയത് ആംആദ്മി പാര്‍ടിയെ സംബന്ധിച്ചും ഇന്ത്യാസഖ്യത്തെ സംബന്ധിച്ചും വലിയ വിജയമായി. 

ജൂണ്‍ 1ന് ജാമ്യകാലാവധി അവസാനിക്കും മുമ്പ് എന്ത് രാഷ്ട്രീയ നീക്കങ്ങളാകും അരവിന്ദ് കെജ്രിവാള്‍ നടത്തുക എന്നത് ശ്രദ്ധേയമാകും. ദില്ലിയില്‍ മാത്രമാകില്ല കെജ്രിവാളിന്റെ പ്രചരണം നടക്കുക. ദില്ലിക്ക് പുറത്തേക്കും കെജ്രിവാള്‍  ഇറങ്ങും.

വര്‍ഗീയത കുത്തിനിറച്ച പ്രസംഗങ്ങളാണ് ഓരോ പ്രചരണ റാലികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നടത്തുന്നത്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തി അതിനെ ഇന്ത്യാസഖ്യം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നു എന്ന കോണ്‍ഗ്രസ് പ്രചരണത്തെ പ്രതിരോധിക്കാന്‍ അദാനിയെയും അംബാനിയെയും വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിപ്പറയുന്നതും കഴിഞ്ഞ ദിവസം കണ്ടു. അങ്ങനെ കത്തിജ്വലിക്കുന്ന തെരഞ്ഞെടുപ്പ് പോരിലേക്കാണ് കെജ്രിവാള്‍ കൂടി എത്തുന്നത്. 

2014ലെ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ ധൈര്യം കാട്ടിയ നേതാവ് കൂടിയാണ് കെജ്രിവാള്‍.  2 ലക്ഷത്തിലധികം വോട്ട് കെജ്രിവാള്‍ നേടിയത് അന്ന് ദേശീയതലത്തില്‍ വലിയ ചര്‍ച്ചയായി. ദില്ലിയില്‍ സ്വാധീനമുള്ള പാര്‍ടിയായി ആംആദ്മി തുടരുമ്പോഴും 2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകളില്‍ ഏഴില്‍ ഏഴ് സീറ്റും നേടിയത് ബിജെപി തന്നെയാണ്. ഇത്തവണയും അതേ വിജയം തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. രാഷ്ട്രീയ വൈരം മറന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ടിയും ഉള്‍പ്പെട്ട ഇന്ത്യ സഖ്യമാണ് ബിജെപിയെ നേരിടുന്നത്. അറസ്റ്റ് കഥകളുമായി കെജ്രിവാള്‍ തീഹാര്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ദില്ലി ചുട്ടുപൊള്ളുമെന്ന് ഉറപ്പ്. 

Aravind Kejriwal walks out of jail