
തിരുവനന്തപുരം: ചാൻസലറായ തനിക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം. ഗകേസ് നടത്താൻ ഉപയോഗിച്ച സർവകലാശാല ഫണ്ട് തിരിച്ചടക്കണമെന്നും ഗവർണർ ആവശ്യപ്പെട്ട് നോട്ടീസയച്ചു. ഗവർണർക്കെതിരെ കേസ് നടത്താൻ 1.13 കോടിയാണ് വിസിമാർ ചെലവാക്കിയത്.
വൈസ് ചാൻസലർമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിക്കെതിരെ വി.സിമാർ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്തിയിരുന്നു. ഇതിനായി സർവകലാശാല ഫണ്ടാണ് ഉപയോഗിച്ചത്. കോടതി വ്യവഹാരങ്ങൾ സ്വന്തം നിലയ്ക്കാണെങ്കിൽ കോടതി ചെലവുകൾ ഉദ്യോഗസ്ഥർ തന്നെ വഹിക്കണമെന്നാണ് ചട്ടം.
വിവിധ സർവകലാശാലകളുടെ ഫണ്ടിൽ നിന്ന് 1.13 കോടി രൂപയാണ് അന്ന് വി.സിയായിരുന്നവർ ചെലവിട്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് നിയമസഭയെ അറിയിച്ചത്. എൽദോസ് കുന്നപ്പള്ളിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂർ വി.സിയും കുഫോസ് വി.സിയും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിന് മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിരുന്നു.
Arif muhammed khan send notice to Vc’s on lawyers fees