ഐബോഡ് ഡ്രോണും ട്രക്ക് സ്ഥിരീകരിച്ചു, പക്ഷേ അടിയൊഴുക്ക് അതിശക്തം, അർജുൻ മിഷൻ പ്രതിസന്ധിയിൽ; വൈകിട്ട് ദൗത്യസംഘം മാധ്യമങ്ങളെ കാണും

മംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യസംഘത്തിന്‍റെ തെരച്ചിലിന് വലിയ വെല്ലുവിളിയായി ഗംഗാവലി നദിയിലെ അടിയൊഴുക്ക്. ഐബോഡ് പരിശോധനയിൽ ട്രക്ക് കണ്ടെത്തി അർജുന്‍റെതാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഗംഗാവാലിയിലെ അടിയൊഴുക്ക് കാരണം നാവികസേനയുടെ തിരച്ചിൽ പ്രതിസന്ധിയിലാണ്. നിലവിലെ അവസ്ഥയും നേരിടുന്ന വെല്ലുവിളികളും മുന്നോട്ടുള്ള തിരച്ചിലിനെക്കുറിച്ചും വിശദീകരിക്കാൻ ഇന്ന് വൈകിട്ട് 5 മണിക്ക് ദൗത്യസംഘം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം നദിയോട് ചേർന്നുള്ള ഡ്രോൺ പറത്തിയുള്ള നിരീക്ഷണം തുടരുകയാണ്. പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ ഏറക്കുറെ വ്യക്തമാകുന്നുണ്ട്. എന്നാല്‍ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളുമെന്നും ആശങ്കയുണ്ട്.

അതിനിടെ നിലവിലെ സാഹചര്യത്തിൽ വെള്ളത്തിൽ ഇറങ്ങുന്നത് അസാധ്യമെന്ന് നാവികസേന വ്യക്തമാക്കി. ഇന്ന് ഡൈവിങ് നടത്താനാകില്ലെന്ന് ഉത്തര കന്നഡ എസ് പിയും സ്ഥിരീകരിച്ചു.

More Stories from this section

family-dental
witywide