
കാലിഫോർണിയ: ഹോളിവുഡിലെ ഒരു കാലത്തെ ഏറ്റവും പ്രിയ താരമായിരുന്നു അർനോൾഡ് ഷ്വാസ്നെഗർ. പ്രായമായെങ്കിലും അർനോൾഡ് എന്ന് കേട്ടാൽ ഇപ്പോഴും ഒരു പ്രത്യേക വികാരമാണ് പലർക്കും. വെള്ളിത്തിരയിൽ നിന്നും രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും അർനോൾഡ് സൂപ്പർ താരം തന്നെയായിരുന്നു. പലരും തുറന്നുപറയാൻ മടിക്കുന്ന കാര്യങ്ങൾ മുഖത്തുനോക്കി പറയുന്ന കാര്യത്തിലും അർനോൾഡ് ഒരു മാതൃകയായിരുന്നു. ഇപ്പോഴിതാ പേരക്കുട്ടികളുടെ ഇഷ്ട ഭക്ഷണത്തിന്‍റെ കാര്യത്തിലും പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നുപറയുകയാണ് സൂപ്പർ നായകൻ.
വളർത്തുമൃഗങ്ങളോടുള്ള പ്രിയത്തെക്കുറിച്ച് ജിമ്മി ഫാളൻ അവതരിപ്പിക്കുന്ന ദ ടുനൈറ്റ് ഷോയിൽ സംസാരിക്കുന്നതിന് ഇടയിലാണ് അർനോൾഡ്, പേരക്കുട്ടികളുടെ ഇഷ്ടവും പങ്കുവച്ചത്. ഓമന മൃഗങ്ങൾക്ക് കൊടുക്കാനായി വീട്ടിലുണ്ടാക്കുന്ന കുക്കീസാണ് പേരക്കുട്ടികൾക്കും പ്രിയമെന്നാണ് അർനോൾഡ് വെളിപ്പെടുത്തിയത്. വളർത്തുമൃഗങ്ങൾക്ക് വേണ്ടി വീട്ടിലുണ്ടാക്കിയ കുക്കീസ് രുചിച്ചതോടെയാണ് പേരക്കുട്ടികൾക്ക് അത് പ്രിയമായതെന്നും അദ്ദേഹം പറഞ്ഞു. ആ കുക്കിസ് കഴിച്ചു നോക്കിയ പേരക്കുട്ടികൾക്ക് അത് ഏറെ ഇഷ്ടമായെന്നും കൂടുതൽ കുക്കീസ് ആവശ്യപ്പെട്ടെന്നുമുള്ള ഓർമ്മകളും അദ്ദേഹം പങ്കുവച്ചു. വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കാനും സമയം ചെലവിടാനും പേരക്കുട്ടികൾക്ക് വളരെയിഷ്ടമാണെന്നും ഹോളിവുഡ് സൂപ്പർ നായകൻ വിവരിച്ചു.
വീട്ടിൽ മൂന്ന് നായ്ക്കളേയും രണ്ട് കുതിരകളേയും ഒരു പന്നിയേയും താൻ ഓമനിച്ച് വളർത്തുന്നുണ്ടെന്ന് അർനോൾഡ് വ്യക്തമാക്കി. ലുലു, വിസ്കി എന്നാണ് കുതിരകളുടെ പേരെന്നും അദ്ദേഹം വിവരിച്ചു. കുതിരകൾക്ക് ഓട്ട്മീൽ കുക്കീസാണ് കഴിക്കാൻ നൽകുന്നത്. ഓട്സും തേനും പഴവുമെല്ലാം ചേർത്ത് വീട്ടിൽത്തന്നെയാണ് ഇത് ഉണ്ടാക്കാറുള്ളത്. ഈ ഓട്ട്മീൽ കുക്കീസ് നായ്ക്കൾക്കും പന്നിക്കും ഇഷ്ടമാണെന്ന് പിന്നീട് മനസിലായി. അങ്ങനെ അത് സ്ഥിരം ഉണ്ടാക്കാൻ തുടങ്ങി. അതിനിടയിലാണ് മകൾ കാതറീൻ, മക്കളായ ലൈലയേയും എലോയിസിനേയും കാലിഫോർണിയയിലെ തന്റെ വീട്ടിൽ കൊണ്ടുവന്നത്. ഓമന മൃഗങ്ങൾക്ക് കൊടുക്കാനായി ഉണ്ടാക്കിയ ഓട്ട്മീൽ കുക്കീസ് അന്ന് പേരക്കുട്ടികളും രുചിച്ചു നോക്കി. പേരക്കുട്ടികൾക്ക് അത് വളരെയധികം ഇഷ്ടമായെന്നും പിന്നീട് പലപ്പോഴും അവർ അത് ആവശ്യപ്പെടാറുണ്ടായിരുന്നെന്നും ദ ടുനൈറ്റ് ഷോയിൽ അർനോൾഡ് വ്യക്തമാക്കി.















