
ജയ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി രാജസ്ഥാന്‍. 400 ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
നാഗൗര്‍ ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുമായി (ആര്‍എല്‍പി) സഖ്യമുണ്ടാക്കുകയും അത് ആര്‍എല്‍പിക്ക് വേണ്ടി ഒഴിയുകയും ചെയ്തു. നാഗൗര്‍ എംപിയും ആര്‍എല്‍പി അധ്യക്ഷനുമായ ഹനുമാന്‍ ബെനിവാളിനെയാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കാനൊരുങ്ങുന്നത്. അതേസമയം, ബെനിവാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാഗൗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ജ്യോതി മിര്‍ധയ്ക്ക് അനുകൂലമായി പ്രചാരണം നടത്തിയെന്നാരോപിച്ച് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിങ്കളാഴ്ച ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. മുന്‍ എംഎല്‍എ ഭരറാം, കുച്ചേര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തേജ്പാല്‍ മിര്‍ധ, സുഖറാം ദോദ്വാഡിയ എന്നിവരടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ നാഗൗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിഷയം ഗൗരവമാകുകയും കൂട്ടരാജിയിലേക്ക് കലാശിക്കുകയുമായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് മൂന്ന് കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. അതില്‍ ജ്യോതി മിര്‍ധയുടെ ബന്ധുവായ തേജ്പാല്‍ മിര്‍ധയും ഉള്‍പ്പെടുന്നു.
അതേസമയം, തേജ്പാല്‍ മിര്‍ധ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം വിളിക്കുകയും, ‘നഗൗറില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ഉപകരണമാണ് ഹനുമാന്‍ ബേനിവാള്‍. അത്തരമൊരാളുമായി സഖ്യമുണ്ടാക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വല്ലാതെ ഞെട്ടിച്ചു. അതിനാലാണ് ഞങ്ങളെല്ലാം കൂട്ടരാജി കത്ത് നല്‍കുന്നത്’ എന്നും വ്യക്തമാക്കി.
പ്രാദേശിക കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ സമ്മതമില്ലാതെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആര്‍എല്‍പിയുമായി സഖ്യമുണ്ടാക്കിയത്. ഈ സഖ്യം ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ജില്ലയിലാകെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ആര്‍എല്‍പി പ്രവര്‍ത്തിച്ചു. ഞങ്ങള്‍ ഒരിക്കലും ബിജെപിയുമായി വേദി പങ്കിട്ടില്ല. ഞങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇപ്പോള്‍ കോണ്‍ഗ്രസ് പണ്ടുണ്ടായിരുന്ന അതേ പാര്‍ട്ടിയല്ല. ഇവിടെ ഒരാള്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് പാര്‍ട്ടിയെ നയിക്കുന്നത്. പാര്‍ട്ടി സ്വയം നശിപ്പിക്കുകയാണെന്ന സന്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ എത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ‘ഇത് ബിജെപിയുടെ പ്രചരണമാണ്, ഇതെല്ലാം വ്യാജമാണ്, ആള്‍ക്കൂട്ടത്തിലുള്ളവര്‍ എപ്പോഴും കോണ്‍ഗ്രസ് അംഗങ്ങളല്ല’ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വരുണ്‍ പുരോഹിത് പറഞ്ഞു.















