കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത് കോടികള്‍; സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തി കമ്പനികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം. എലിപ്പനിക്കും എച്ച് വണ്‍ എന്‍ വണ്ണിനുമുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും കിട്ടാനില്ല. മണിക്കൂറുകള്‍ ക്യൂ നിന്ന് ഫാര്‍മസി കൗണ്ടറിന് മുന്നിലെത്തുമ്പോള്‍ ഡോക്ടര്‍ കുറിച്ചു നല്‍കിയിരിക്കുന്ന അഞ്ചും ആറും മരുന്നുകളില്‍ പലതും കിട്ടാനില്ല എന്നാണ് മരുന്ന് വാങ്ങാന്‍ എത്തുന്നവര്‍ പറയുന്നത്.

ആന്റിബയോട്ടിക്കായ അമോക്‌സിലിന്‍, നാല് ലക്ഷം ഗുളികക്കാണ് ജനറല്‍ ആശുപത്രി ഇന്റന്റ് നല്‍കിയത്. മരുന്ന് തീര്‍ന്നെന്ന് അറിയിച്ചിട്ടും മരുന്ന് എത്തിച്ചിട്ടില്ല. ഗ്യാസ്‌ട്രൈറ്റിസ് പ്രശ്‌നങ്ങള്‍ക്ക് നല്‍കുന്ന പാന്റപ്രസോള്‍ അലര്‍ജിക്കും ജലദോഷത്തിനും നല്‍കുന്ന സിട്രിസിന്‍ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ എച്ച് വണ്‍ എന്‍ വണ്ണിനുള്ള ഒസിള്‍ടാമീവിര്‍ എന്നിവയും കിട്ടാനില്ല.

കോടികള്‍ കുടിശ്ശിക ആയതോടെ കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയതാണ് തിരിച്ചടിയായത്. ബജറ്റില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനായി നീക്കിവെച്ച 660 കോടി രൂപയില്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 110 കോടി രൂപ മാത്രമാണ്. കഴിഞ്ഞവര്‍ഷത്തെ തുകയും കിട്ടാക്കടം ആണെന്നാണ് കമ്പനികള്‍ പറയുന്നത്. 2022 – 23 വര്‍ഷത്തെ കുടിശ്ശിക മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കമ്പനികള്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ട്. ഇത് തീര്‍ന്നാല്‍ മാത്രമേ ഈ വര്‍ഷത്തെ കുടിശിക നല്‍കാനാകൂ.

More Stories from this section

family-dental
witywide