
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അറസ്റ്റില്‍ പ്രതിഷേധിച്ചും മാര്‍ച്ച് 31 ന് ഡല്‍ഹി രാംലീല മൈതാനിയില്‍ മെഗാ റാലി സംഘടിപ്പിക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ‘ഇന്ത്യ’ സഖ്യ കക്ഷികളായ എഎപിയും കോണ്‍ഗ്രസുമാണ് റാലി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
‘ജനാധിപത്യവും രാജ്യവും അപകടത്തിലാണ്. രാജ്യത്തിന്റെ താല്‍പ്പര്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി എല്ലാ ഇന്ത്യ-ബ്ലോക്ക് പാര്‍ട്ടികളും ഈ ‘മഹാ റാലിയില്‍ പങ്കെടുക്കുമെന്ന് എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയിലും രോഷമുണ്ട്. ഓരോ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏജന്‍സികളെ ഓരോന്നായി ദുരുപയോഗം ചെയ്യുകയാണെന്നും എഎപി നേതാവ് വ്യക്തമാക്കി.
മാര്‍ച്ച് 31ലെ മഹാ റാലി രാഷ്ട്രീയമായിരിക്കില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനും കേന്ദ്രത്തിനെതിരെ ശബ്ദമുയര്‍ത്താനുമുള്ള ആഹ്വാനമാണെന്നും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മാര്‍ച്ച് 21 നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.
അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെയും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുന്നതിനെതിരെയും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഇന്ത്യന്‍ മുന്നണിയിലെ നിരവധി നേതാക്കള്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.













