മഹാ ദുരന്തത്തിന്റെ ഓര്‍മ്മ പേറുന്ന ടൈറ്റാനിക്കിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ദാ ഇവിടെയുണ്ട്; സുരക്ഷിതമായി

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ വിലയം പ്രാപിച്ച ടൈറ്റാനിക് ഇപ്പോഴും അത്ഭുതം പോലെ മനസില്‍ കുടിയിരുത്തിയിട്ടുണ്ട് പലരും. ഒരിക്കലും തകരില്ലെന്ന വാഗ്ദാനങ്ങളുടെ മേല്‍ നങ്കൂരമിട്ട ടൈറ്റാനിക്കിന് കന്നിയാത്രതന്നെ അവസാന യാത്രയായത് 112 വര്‍ഷം പഴക്കമുള്ള ചരിത്രം. ഈ ചരിത്രത്തിന്റെ ഭാഗമായ മറ്റു ചിലതുകൂടിയുണ്ട്. ടൈറ്റാനിക് മഹാദുരന്തത്തിന്റെ ബാക്കിപത്രമായ വില പിടിപ്പുള്ള വസ്തുക്കള്‍…ലോകത്തിലെ ഏറ്റവും പ്രശസ്തമായ കപ്പല്‍ അവശിഷ്ടമായ ടൈറ്റാനിക്കില്‍ നിന്നുള്ള ആയിരക്കണക്കിന് വസ്തുക്കള്‍. എവിടെയാണത്? കടലിന്റെ അടിത്തട്ടില്‍ത്തന്നെയോ ? ഉത്തരം ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലുണ്ട്. അവിടെ ഒരു രഹസ്യ സങ്കേതത്തില്‍ എല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

അന്ന് കപ്പലിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവിതത്തിലേക്ക് ഒരു നേര്‍ക്കാഴ്ച നല്‍കുന്ന നിരവധി വസ്തുക്കളാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ടൈറ്റാനിക് ദുരന്തത്തിന് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും സുഗന്ധം പുറപ്പെടുവിക്കുന്ന പെര്‍ഫ്യൂമിന്റെ ചെറിയ കുപ്പികളും, ചീങ്കണ്ണിയുടെ തോലുകൊണ്ട് നിര്‍മ്മിച്ച ബാഗും എല്ലാം സംരക്ഷിക്കപ്പെടുന്നുണ്ട്.

ചീങ്കണ്ണിയുടെ തോലില്‍ തീര്‍ത്ത ബാഗിന്റെ കഥയില്‍ അല്‍പം കണ്ണീരുണ്ട്. വിധവയായ മകളോടൊപ്പം കഴിയാന്‍ അമേരിക്കയിലേക്ക് പോകാനൊരുങ്ങിയ 63 വയസ്സുള്ള മില്ലീനര്‍ മരിയന്‍ മീന്‍വെല്‍ എന്ന തേര്‍ഡ് ക്ലാസ് യാത്രക്കാരുടേതായിരുന്നു ഈ ബാഗ്. ദശാബ്ദങ്ങളോളം വടക്കന്‍ അറ്റ്‌ലാന്റിക്കിന്റെ കഠിനമായ അവസ്ഥകളെ അതിജീവിച്ച് അത് സ്വയം സംരക്ഷിച്ച് വെള്ളത്തില്‍ കിടന്നു. തന്റെ ഉടമയുടെ വിവരങ്ങളും മങ്ങിയ ഫോട്ടോയും അതിനുള്ളില്‍ സുരക്ഷിതമായിരുന്നു. മാത്രമല്ല, ഹൃദയഭേദകമായ മറ്റൊരു വിവരംകൂടി ആ ബാഗ് നല്‍കി. മില്ലീനര്‍ മരിയന്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു കപ്പലായ മജസ്റ്റിക്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ആ കപ്പല്‍ യാത്ര മുടങ്ങുകയും അവരുടെ ബുക്കിംഗ് ടൈറ്റാനിക്കിലേക്ക് മാറ്റുകയുമായിരുന്നു. വിധി അവര്‍ക്ക് മരണം കാത്തുവെച്ചത് ഇങ്ങനെയായിരുന്നു.

നേരത്തെ പറഞ്ഞ പെര്‍ഫ്യൂം കുപ്പികള്‍ ഒരു വില്‍പ്പനക്കാരന്റെ ഓര്‍മ്മകളിലേക്കാണ് സുഗന്ധം പരത്തുന്നത്. വില്‍പ്പനക്കാരനായ അഡോള്‍ഫ് സാല്‍ഫെല്‍ഡ് എന്ന രണ്ടാം ക്ലാസ് യാത്രക്കാരന്റെ പെര്‍ഫ്യൂമിന്റെ ചെറിയ കുപ്പികള്‍ വെള്ളത്തിനടിയില്‍ സംരക്ഷിക്കപ്പെട്ടു. കുപ്പികള്‍ അടച്ചിരുന്നതിനാല്‍, സമുദ്രത്തിന്റെ അടിത്തട്ടില്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവയുടെ ശക്തമായ സുഗന്ധം ഇപ്പോഴും നിലനില്‍ക്കുന്നു. അപകടത്തെ അതിജീവിച്ച 700 പേരില്‍ സാല്‍ഫെല്‍ഡും ഉണ്ടായിരുന്നു. പക്ഷേ, ടൈറ്റാനിക് അപകട മേഖലയില്‍ നിന്നും വസ്തുക്കള്‍ വീണ്ടെടുത്തപ്പോഴേക്കും അദ്ദേഹം മരണത്തിന് കീഴടങ്ങിയെന്ന് ദൗത്യത്തിലേര്‍പ്പെട്ട കമ്പനിയായ ആര്‍എംഎസ് ടൈറ്റാനിക് ഇന്‍കോര്‍പ്പറേഷന്റെ കളക്ഷന്‍സ് ഡയറക്ടര്‍ ടോമാസിന റേ പറയുന്നു. തകര്‍ന്ന സ്ഥലത്ത് നിന്ന് വസ്തുക്കള്‍ വീണ്ടെടുക്കാന്‍ നിയമപരമായി അനുവദിച്ചിട്ടുള്ള ഒരേയൊരു കമ്പനിയാണ് ആര്‍എംഎസ് ടൈറ്റാനിക് ഇന്‍ക്.

കണ്ടെടുത്ത വസ്തുക്കളില്‍ യാത്രക്കാരുടെ ആഡംബരത്തിന്റെ അടയാളമായി വിലപിടിപ്പുള്ള ഒരു ഷാംപെയ്ന്‍ കുപ്പിയും ഉണ്ടായിരുന്നു. കൂടാതെ, കണ്ടെടുത്ത വസ്തുക്കളില്‍ റിവറ്റുകളും ഉള്‍പ്പെടുന്നു. കപ്പലിന്റെ സ്റ്റീല്‍ പ്ലേറ്റുകള്‍ ഒരുമിച്ച് പിടിക്കാന്‍ ഉപയോഗിക്കുന്ന മെറ്റല്‍ പിന്നുകളാണിവ. മൂന്ന് ദശലക്ഷത്തിലധികം റിവറ്റുകള്‍ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.

കപ്പലില്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന വിഭവങ്ങള്‍ വ്യത്യാസപ്പെട്ടിരുന്നതുപോലെ പാത്രങ്ങളും വ്യത്യസ്തമായിരുന്നു. ചൈനയില്‍ നിര്‍മ്മിച്ച മനോഹരമായതും വില പിടിപ്പുള്ളതുമായ പ്ലേറ്റുകളും കണ്ടെടുത്ത് സൂക്ഷിച്ചിട്ടുണ്ട്…ഇത്തരം അറിയപ്പെടാത്ത കഥകള്‍ ഒളിപ്പിച്ച എത്രയെത്ര വസ്തുക്കള്‍ ഇനിയും സമുദ്രത്തിന്റെ ആഴങ്ങളിലുണ്ടാകും ആരെങ്കിലും എടുത്തുയര്‍ത്തുന്നതും കാത്ത്.