
യാമി ഗൗതമിന്റെ ആക്ഷന്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘ആര്‍ട്ടിക്കിള്‍ 370’ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചു. ആഭ്യന്തര, അന്തര്‍ദേശീയ പ്രദര്‍ശനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങുകയും ചെയ്തിട്ടും ഈ ചിത്രത്തിന് ഏറ്റ വലിയ തിരിച്ചടിയായി ഈ നിരോധനം മാറുകയാണ്. ഈ നടപടിയെക്കുറിച്ച് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ഔദ്യോഗിക വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. യുഎഇ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം നിരോധിച്ചിട്ടുണ്ട്.
ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാമണി, അരുണ്‍ ഗോവില്‍, കിരണ്‍ കര്‍മാര്‍ക്കര്‍ എന്നിവരും അഭിനയിക്കുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെയും ചുറ്റിപ്പറ്റിയുള്ള പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ജമ്മുവില്‍ ഒരു പ്രസംഗത്തിനിടെ ചിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. റിലീസിനായി പ്രതീക്ഷ പ്രകടിപ്പിച്ചു, വിഷയത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാനുള്ള അതിന്റെ കഴിവ് എടുത്തുപറഞ്ഞാണ് മോദി ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. ഇതിന് യാമി ഇന്‍സ്റ്റാഗ്രാമില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.