ഞെട്ടിച്ച് കെജ്രിവാള്‍; രണ്ടുദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കും, ജനവിധിയുണ്ടേല്‍ തിരികെ എത്തും

ന്യൂഡല്‍ഹി: ജാമ്യം ലഭിച്ച് ജയില്‍ മോചനത്തിന് രണ്ട് ദിവസത്തിനു ശേഷം രാജി പ്രഖ്യാപിച്ച്‌ ഞെട്ടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ന് പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് കെജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്.

”രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും, ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയുണ്ട്. കോടതിയില്‍ നിന്ന് എനിക്ക് നീതി ലഭിച്ചു, ഇനി ജനകീയ കോടതിയില്‍ നിന്ന് നീതി ലഭിക്കും. ജനങ്ങളുടെ ആജ്ഞയ്ക്ക് ശേഷം മാത്രമേ ഞാന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കൂ”- കെജ്രിവാളിന്റെ വാക്കുകള്‍ ഇങ്ങനെ.

കെജ്രിവാള്‍ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ എന്ന് എനിക്ക് ഡല്‍ഹിയിലെ ജനങ്ങളോട് ചോദിക്കണം, ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് വോട്ട് ചെയ്യൂ, ഡല്‍ഹിക്ക് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ രണ്ട് ദിവസത്തിനകം എഎപി എംഎല്‍എമാരുടെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

രാജിക്കുശേഷം ജനങ്ങളുടെ ഇടയിലേക്ക് പോയി പിന്തുണ അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹിയിലെ തിരഞ്ഞെടുപ്പും മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിനൊപ്പം നവംബറില്‍ നടത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.