
ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പിലെ സുപ്രീം കോടതി വിധിയെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൃഷ്ണന്‍ കോടതിയില്‍ ഉണ്ടായിരുന്നുവെന്നും ചീഫ് ജസ്റ്റിസിലൂടെ സംസാരിച്ചുവെന്നും തോന്നുന്നുവെന്നാണ് ബുധനാഴ്ച കേജ്രിവാളിന്റെ പ്രതികരണം എത്തിയത്.
ഡല്‍ഹി നിയമസഭയില്‍ ഭഗവദ് ഗീത ഉദ്ധരിച്ച് കെജ്രിവാള്‍ ബിജെപിക്കെതിരെയും ആഞ്ഞടിച്ചു. ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിലൂടെ സംസാരിച്ച ശ്രീകൃഷ്ണ ഭഗവാന്‍ അവിടെയുണ്ടെന്ന് തോന്നിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ചൊവ്വാഴ്ച, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പിന്റെ ഫലം അസാധുവാക്കുകയും, എഎപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ നോമിനി കുല്‍ദീപ് കുമാറിനെ പുതിയ മേയറായി പ്രഖ്യാപിക്കുകയും ചെയ്തു.
ദൈവം ഇടപെട്ട് ബിജെപിയുടെ നിലവിലുള്ള ‘അധര്‍മ്മം’ അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു. ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച കെജ്രിവാള്‍, പാക്കിസ്ഥാനിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് നിയമസഭയില്‍ അവകാശപ്പെട്ടു.
എന്നാല്‍, കേജ്രിവാളിന്റെ ഇടയ്ക്കിടെയുള്ള ശ്രീരാമ പരാമര്‍ശങ്ങളും ബുധനാഴ്ച ശ്രീകൃഷ്ണനെ കുറിച്ച് പഞ്ഞതും മദ്യനയ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ജയില്‍ ഭയത്തെ സൂചിപ്പിക്കുന്നുവെന്ന് ബിജെപി തിരിച്ചടിച്ചു.












