
ന്യൂഡൽഹി: മദ്യനയ കേസിലെ അറസ്റ്റും റിമാൻഡും നിയമപരമാണെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.
അടുത്ത നാല് ദിവസത്തേക്ക് കോടതി അടച്ചിട്ടിരിക്കുകയാണ്. സുപ്രീം കോടതിയുടെ കലണ്ടർ അനുസരിച്ച്, വ്യാഴാഴ്ച ഈദുൽ ഫിത്തറിനായി കോടതി അടക്കും, വെള്ളിയാഴ്ച പ്രാദേശിക അവധി, തുടർന്ന് ശനി ഞായർ കഴിഞ്ഞ് തിങ്കളാഴ്ച കോടതി വീണ്ടും തുറക്കും.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നുമുള്ള കെജ്രിവാളിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഡൽഹി ഹൈക്കോടി കഴിഞ്ഞ ദിവസം അറസ്റ്റ് ശരിവെച്ചത്. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഡൽഹി ഹൈക്കോടതി, മുഖ്യമന്ത്രിയുടെ അറസ്റ്റ് നിയമപരമാണെന്നും വിധിച്ചു. ഹർജി തള്ളിയ സാഹചര്യത്തിൽ കെജ്രിവാൾ തിഹാർ ജയിലിൽ തുടരുകയാണ്.















