കെജ്രിവാളിനെ വിടാതെ ഇ.ഡി; നാല് മാസത്തിനിടെ ആറാമത്തെ നോട്ടീസും നൽകി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൽ നിന്ന് ആറാമത്തെ സമൻസും ലഭിച്ചു.രാജ്യതലസ്ഥാനത്തെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകാൻ കെജ്രിവാളിനോട് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് തവണ സമൻസുകൾ നൽകിയെങ്കിലും കെജ്‌രിവാൾ ഒരിക്കൽ പോലും ഹാജരായില്ല. ഒടുവിൽ ഇ.ഡി കോടതിയെ സമീപിക്കുകയും എന്തുകൊണ്ട് ഏജൻസിക്കു മുന്നിൽ ഹാജരാകാൻ വിസമ്മിക്കുന്നുവെന്ന് വിശദീകരിക്കാൻ കോടതി കെജ്രിവാളിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നോട്ടീസ്.

2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തന്നെ ലക്ഷ്യമിടുകയാണെന്ന് ആരോപിക്കുന്ന കെജ്രിവാൾ, ഇക്കുറി ഇ.ഡിക്കു മുന്നിൽ ഹാജരാകുമെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.