
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നാളെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തോടൊപ്പം ഭാര്യയും മാതാപിതാക്കളും ക്ഷേത്ര സന്ദർശനം നടത്തും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അദ്ദേഹത്തെ അനുഗമിക്കും.
ജനുവരി 22 ന് നടന്ന ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് തനിക്ക് ഔപചാരിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും പിന്നീട് പോകാനാണ് താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് മുതൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് ക്ഷേത്രം സന്ദർശിക്കുന്നത്. പാർട്ടി ഭേദമന്യേ നേതാക്കളും സന്ദർശനത്തിനെത്തുന്നുണ്ട്.
ഇന്ന് രാവിലെ ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎമാർ ക്ഷേത്രത്തിലെത്തിയിരുന്നു. എംഎൽഎമാർക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു. പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയിലെ നിയമസഭാംഗങ്ങളും തലവൻ അഖിലേഷ് യാദവും ക്ഷേത്ര യാത്ര ഒഴിവാക്കി.
ബി.ജെ.പി, കോൺഗ്രസ്, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി, ഒ.പി രാജ്ഭറിൻ്റെ നേതൃത്വത്തിലുള്ള എസ്.ബി.എസ്.പി, ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ തുടങ്ങിയ പാർട്ടികളുടെ എംഎൽഎമാർ ബസുകളിലാണ് അയോധ്യയിലെത്തിയത്.












