
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇന്നലെ രാജ്യ തലസ്ഥാനത്തും ഇന്ന് രാജ്യത്തുടനീളവും ആം ആദ്മി പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഡല്‍ഹിയില്‍ മെഗാ പ്രതിഷേധ മാര്‍ച്ച് നയിച്ച സംസ്ഥാന മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും മറ്റ് പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായ പ്രതിഷേധക്കാരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ബസിലേക്ക് വലിച്ചിഴച്ചാണ് പൊലീസ് കയറ്റിയത്. മന്ത്രി അതിഷിയെ പോലീസ് വലിച്ചിഴയ്ക്കുന്നതുള്‍പ്പെടെ നാടകീയമായ രംഗങ്ങള്‍ക്കാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എഎപി ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 144 പ്രഖ്യാപിക്കുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.














