കസ്റ്റഡിയിലിരിക്കെ കെജ്രിവാളിന്‍റെ ഉത്തരവ്: ഇ ഡി അന്വേഷിക്കും; അതിഷിയെ ചോദ്യം ചെയ്തേക്കും

ന്യൂഡൽഹി: കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം നടത്തും. വിഷയത്തിൽ മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ആര്, എപ്പോൾ അതിഷിക്ക് കത്ത് നൽകിയെന്നതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ചയാണ് കെജ്‌രിവാൾ നിർദേശം നൽകിയത്. പൊതുജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അധിക ജല ടാങ്കറുകൾ വിന്യസിക്കാനും അഴുക്കുചാലുകളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാനുമായിരുന്നു കത്തിലെ നിർദേശം. പേപ്പറിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാർട്ടി പുറത്തുവിട്ടത്.

എന്നാൽ കെജ്രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയൽ കമ്പ്യൂട്ടറോ, പേപ്പറോ, അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇഡി വ്യക്തമാക്കി. അതിഷിക്ക് ആര് വഴിയാണ് കത്ത് ലഭിച്ചതെന്ന വിവരവും അന്വേഷിക്കും. ഇതിനായി സി.സി.ടി.വിയും പരിശോധിക്കും.

ഭാര്യ സുനിത കെജ്രിവാളിനും പഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനും വൈകീട്ട് ആറിനും ഏഴിനും ഇടയിൽ അരമണിക്കൂർ കെജ്രിവാളിനെ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. വക്കീലിനും അരമണിക്കൂർ സന്ദർശിക്കാൻ അനുമതിയുണ്ട്. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇഡി അന്വേഷിക്കും.

More Stories from this section

family-dental
witywide