
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് പുറത്താക്കി. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിജിലന്‍സ് സ്‌പെഷൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. താത്കാലിക നിയമനങ്ങളെക്കുറിച്ചുള്ള കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ബിഭിനെ നിയമിച്ചിരിക്കുന്നത്. നിയമന ചട്ടങ്ങള്‍ സൂക്ഷ്മമായി പാലിച്ചിട്ടില്ല. അതിനാല്‍, ഇത്തരം നിയമനങ്ങള്‍ അസാധുവാണെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന 2007-ലെ കേസും പുറത്താക്കലിന് കാരണമായി വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ബിഭവിനെ കഴിഞ്ഞയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാനായി മനീഷ് സിസോദിയയും ബിഭവ്കുമാറും ഉള്‍പ്പെടെയുള്ളവര്‍ നൂറ്റിഎഴുപതോളും ഫോണുകള്‍ നശിപ്പിച്ചതായി ഇഡി കരുതുന്നു. എഎപി എംഎല്‍എ ദുര്‍ഗേഷ് പഥകിന് ഒപ്പമാണ് ബിഭവിനേയും ചോദ്യം ചെയ്തത്. 2011-ല്‍ കെജ്‌രിവാള്‍ ഇന്ത്യ എഗൈനിസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ് ആരംഭിച്ചതുമുതല്‍ അദ്ദേഹത്തിന് ഒപ്പമുള്ളയാണ് ബിഭവ്.
ബിഭവിനെ പുറത്താക്കിയതിനെ വിമര്‍ശിച്ച് എഎപി രംഗത്തെത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വ്യാജ കേസില്‍ ജയിലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനേയും പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് എഎപി നേതാവ് ജാസ്മിന്‍ ഷാ ആരോപിച്ചു.
Arvind Kejriwal’s Private Secretary Vibhav Kumar Sacked by Vigilance













