സമ്പൂർണ സൂര്യഗ്രഹണം തുടങ്ങി; നോർത്ത് അമേരിക്കയിലെ റിസോർട്ടിൽ ആയിരക്കണക്കിനു പേർ; സുരക്ഷ മുഖ്യമെന്ന് ബൈഡൻ

മെക്സിക്കോ: വടക്കേ അമേരിക്കയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ തിങ്കളാഴ്ച സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറായി എത്തി. പടിഞ്ഞാറൻ മെക്സിക്കോയിൽ ആരംഭിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സിലൂടെയും കാനഡയിലൂടെയും കടന്നുപോകുന്ന പാതയിലൂടെ സമ്പൂർണ സൂര്യഗ്രഹണം കാണാനാകും, ചില സ്ഥലങ്ങളിൽ നാല് മിനിറ്റിലധികം നീണ്ടുനിൽക്കും.

വടക്കേ അമേരിക്കയിലെ ആദ്യത്തെ പ്രധാന കാഴ്ച സ്ഥലമായിരുന്നു മെക്സിക്കൻ ബീച്ച് സൈഡ് റിസോർട്ട് പട്ടണമായ മസാറ്റ്‌ലാൻ. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് ജോ ബൈഡൻ തിങ്കളാഴ്ച സമ്പൂർണ സൂര്യഗ്രഹണത്തിന് മുന്നോടിയായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അപൂർവ പ്രതിഭാസം കാണുന്നതിന് മുന്നോടിയായി എല്ലാവരും സംരക്ഷണ കണ്ണടകൾ ധരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഇതോടൊപ്പം ഡൊണാൾഡ് ട്രംപിനെ പരിഹസിക്കുകയും ചെയ്തു.

“ഗ്രഹണം അത്ഭുതപ്പെടുത്തുന്നതാണ്,” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. യുഎസ് പ്രസിഡൻ്റ് വൈറ്റ് ഹൗസ് ബാൽക്കണിയിൽ ഗ്ലാസുകൾ ധരിച്ച് ആകാശത്തേക്ക് നോക്കി ഗ്രഹണം കാണാൻ നിൽക്കുന്നത് വിഡിയോയിൽ കാണാം.

2017 ലെ ഗ്രഹണ സമയത്ത് ട്രംപും ഭാര്യയും ഗ്ലാസുകളില്ലാതെ സൂര്യഗ്രഹണം കാണുന്ന ചിത്രങ്ങളും വീഡിയോയും അടുത്തിടെ വൈറലായിരുന്നു.